Join News @ Iritty Whats App Group

തെലങ്കാനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ പൊട്ടിത്തെറിയില്‍ മരണം 42 ആയി; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടി വരും

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ മരുന്നുകളും മരുന്നുകള്‍ക്ക് വേണ്ട രാസപദാര്‍ത്ഥങ്ങളും ഉല്‍പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് തെലങ്കാന അധികൃതര്‍ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ് തിങ്കളാഴ്ച രാവിലെ 9.30ന് ഉഗ്രസ്‌ഫോടനമുണ്ടായത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

രാസപദാര്‍ഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറില്‍ ഉന്നതമര്‍ദം രൂപപ്പെട്ടിനെത്തുടര്‍ന്നുണ്ടായ പ്രതിപ്രവര്‍ത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക വിവരം. അപകടമുണ്ടാകുമ്പോള്‍ 90 തൊഴിലാളികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഏതാനും തൊഴിലാളികള്‍ 100 മീറ്റര്‍ അകലേക്കുവരെ തെറിച്ചുവീണുവെന്ന് തെലങ്കാന ആരോഗ്യമന്ത്രി ദാമോദര്‍ രാജനരസിംഹ പറഞ്ഞു.

ഫാക്ടറിയില്‍ നിന്നു നീക്കിയ അവശിഷ്ടങ്ങള്‍ ഇപ്പോഴും കത്തുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ദുരന്തനിവാരണ സേന ഡയറക്ടര്‍ ജനറല്‍ വൈ നാഗറെഡ്ഡി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടസ്ഥലം സന്ദര്‍ശിക്കും.

സിഗാച്ചി ഫാക്ടറിയില്‍ 189 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. തിങ്കളാഴ്ച രാവിലെ സ്‌ഫോടനത്തില്‍ 30 ലധികം പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഫാക്ടറിയില്‍ ഏകദേശം 145 തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. തീപിടുത്തത്തെത്തുടര്‍ന്ന്, ഹൈദരാബാദ് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി സിഗാച്ചി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. തകരാറിലായ ഉപകരണങ്ങളും മറ്റും മാറ്റിസ്ഥാപിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഇത്രയും സമയം വേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group