Join News @ Iritty Whats App Group

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ മൂലമെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയിൽ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്. ഒന്നാം തീയ്യതി യുവതി മരിച്ചു.


നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വീടിന്റെ പരിസരത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

നിപ സമ്പർക്ക പട്ടികയിൽ സംസ്ഥാനത്ത് 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. നിപ കേസുകളുമായി ബന്ധപ്പെട്ട് ഈ മൂന്ന് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട ആശങ്ക അകറ്റാൻ സ്റ്റേറ്റ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group