തിരുവനന്തപുരം: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. 'സെൻസർ ബോർഡോ, സെൻസില്ലാ ബോർഡോ' എന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് വിദ്യഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ് നടപടി വിവാദമാകുന്നത്.
ജാനകി എന്ന പേര് സിനിമയിൽ നിന്നും മാറ്റണമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടത്. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദ്ദേശം. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം അറിയിച്ചു.
സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സുരേഷ്ഗോപിക്കൊപ്പം അനുപമ പരമേശ്വരനാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ ചെയ്യുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരന് പുറമേ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
Post a Comment