Join News @ Iritty Whats App Group

ബഹിരാകാശത്ത് ഒഴുകിയൊഴുകി ശുഭാംശു ശുക്ലയും സംഘവും; ആക്‌സിയം ഡോക്കിംഗ് ഇന്ന്

കെന്നഡി സ്പേസ് സെന്‍റര്‍:ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നു. 'ഗ്രേസ്' ഡ്രാഗണ്‍ പേടകത്തിന്‍റെ ഡോക്കിംഗ് വൈകീട്ട് നാലരയ്ക്ക് നടക്കും എന്നാണ് അറിയിപ്പ്. ആക്‌സിയം സംഘത്തിലെ നാല് പേരും സുരക്ഷിതരാണ്. ദൗത്യ സംഘം ബഹിരാകാശ നിലയത്തിൽ 14 ദിവസം ചെലവഴിക്കും. ഇവര്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴെണ്ണം അടക്കം 60 പരീക്ഷണങ്ങൾ ഐഎസ്എസില്‍ നടത്തും. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്‌സുമായി സഹകരിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്സിയം 4 ദൗത്യം നടത്തുന്നത്.

ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം 4 ദൗത്യം ഇന്നലെ ഉച്ചയ്ക്ക് 12.01നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് വിക്ഷേപിച്ചത്. സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയാണ്. സ്പേസ് എക്‌സിന്‍റെ തന്നെ ഡ്രാഗണ്‍ പേടകത്തിലാണ് ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്നത്. ഈ ഡ്രാഗൺ പേടകത്തിന് ഗ്രേസ് എന്ന് ആക്സിയം 4 സംഘം പേര് നൽകിയിരുന്നു.

ആക്സിയം ദൗത്യത്തിന്‍റെ ഭാഗമായതോടെ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ല സ്വന്തമാക്കി. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും. 28 മണിക്കൂര്‍ ഓട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം നാലരയ്ക്ക് 'ഗ്രേസ്' പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group