Join News @ Iritty Whats App Group

പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്, സുഹൃത്തിൻ്റെ പുസ്തകത്തിന്റെ പിറകിൽ ആത്മഹത്യാക്കുറിപ്പ്



പാലക്കാട്:ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലെ ആശിർനന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആശിർനന്ദ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നതായി സുഹൃത്ത്. തൻ്റെ ജീവിതം അധ്യാപകർ തകർത്തുവെന്ന് കുറിപ്പിൽ എഴുതിവെച്ചിരുന്നതായും സുഹൃത്ത് അറിയിച്ചു. അധ്യാപകരായ അമ്പിളി, അർച്ചന എന്നിവരുടെ പേര് കൂടി കുറിപ്പിൽ ഉണ്ടായിരുന്നു. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞെന്നും സഹപാഠി അറിയിച്ചു. സുഹൃത്തിൻ്റെ നോട്ടുപുസ്തകത്തിന്റെ പിറകിലാണ് ആശിർനന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുറിപ്പ് പോലീസിന് കൈമാറി എന്നും ആശിർനന്ദയുടെ സഹപാഠികൾ പറഞ്ഞു.

അതേ സമയം, മരണത്തിന് മുമ്പ് ആശിർനന്ദ എഴുതിയെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആശിർനന്ദയുടെ സുഹൃത്ത് കുറിപ്പ് കൈമാറിയെന്നും നാട്ടുകൽ പൊലീസ് പറഞ്ഞു. മരണപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ വീടും പഠിച്ച ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക്ക് കോൺവെൻ്റ് സ്കൂളും ബാലാവകാശ കമ്മിഷൻ നാളെ സന്ദർശിക്കും. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാറാണ് സന്ദർശനം നടത്തുക.

സംഭവത്തിൽ വീഴ്ച്ച ഏറ്റുപറഞ്ഞ് സ്കൂൾ മാനേജ്മെൻ്റ് ഇന്ന് രംഗത്തെത്തിയിരുന്നു. പുറത്താക്കിയ പ്രിൻസിപ്പാളിന് പകരം ആക്ടിങ്ങ് പ്രിൻസിപ്പാളായി വൈസ് പ്രിൻസിപ്പാളായി നിയമിക്കും. തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കും. കുട്ടികൾക്കായി പുതിയ കൗൺസിലറെ നിയമിക്കും. അധ്യാപകർക്കും കൗൺസിലിങ്ങ് നൽകും. രക്ഷിതാക്കളുടെ പരാതി കേൾക്കുമെന്നും സ്കൂൾ മാനേജമെന്റ് അറിയിച്ചു.

മിനിഞ്ഞാന്നാണ് 14 വയസുകാരിയായ ആശിർനന്ദ വീട്ടിലെ മുകളിലത്തെ മുറിയിൽ തൂങ്ങിമരിച്ചത്. എന്നാൽ ഒൻപതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group