Join News @ Iritty Whats App Group

കേന്ദ്ര നിർദേശം, വീണ്ടും രാജ്യവ്യാപകമായി മോക്ഡ്രിൽ; കേരളത്തിനും അതി നിർണായകം; ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വർധന


ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്ലുകൾ നടക്കും. ആശുപത്രികളിലെ തയാറെടുപ്പ്, ഓക്സിജൻ സപ്ലൈ, അവശ്യമരുന്നുകളുടെ ലഭ്യത, വെന്‍റിലേറ്ററുകളുടെ ലഭ്യത എല്ലാം പരിശോധിക്കും. തിങ്കളാഴ്ച ഓക്സിജൻ വിതരണം സംബന്ധിച്ച മോക്ഡ്രിൽ നടത്തിയിരുന്നു. കേസുകൾ നാലായിരം കടന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കുന്നതിന്‍റെ ഭാ​ഗമായാണ് മോക്ഡ്രിൽ നടത്താനുള്ള കേന്ദ്ര നിർദേശം.


പുതിയ കൊവിഡ് 19 തരംഗമുണ്ടായാൽ രാജ്യം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുന്നതിനാണ് മോക്ഡ്രിൽ.രാജ്യത്തെ പ്രധാന ആശുപത്രികളിൽ ഓക്സിജൻ ലഭ്യത, അവശ്യ മരുന്നുകളുടെ സ്റ്റോക്ക്, വെന്‍റിലേറ്ററുകളുടെ ലഭ്യത എന്നിവ ഉദ്യോഗസ്ഥർ മോക്ഡ്രില്ലിലൂടെ പരിശോധിക്കും. കൊവിഡ് 19 കേസുകളിൽ സമീപകാലത്തുണ്ടായ വർധനവ് വിലയിരുത്തുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. സുനിത ശർമ്മ നിരവധി മീറ്റിംഗുകൾ നടത്തിയതിനെത്തുടർന്നാണ് മോക്ഡ്രിൽ നടത്താൻ കേന്ദ്രം തീരുമാനിച്ചത്.

നേരത്തെ, ജൂൺ രണ്ടിന് ഒരു പ്രാഥമിക മോക്ഡ്രിൽ നടത്തിയിരുന്നു. പ്രധാനപ്പെട്ട ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ആശുപത്രികളിൽ വിലയിരുത്തി. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കുകൾ, പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ പ്ലാന്‍റുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റങ്ങൾ എന്നിവയിലായിരുന്നു പ്രാഥമിക മോക്ഡ്രില്ലില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതുവരെ, ഇന്ത്യയിൽ ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വൈറസിന്‍റെ രണ്ട് വ്യത്യസ്ത വകഭേദങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഐസൊലേഷൻ കിടക്കകളും, വെന്‍റിലേറ്ററുകളുമടക്കം സജ്ജമാക്കാൻ നിർദേശിച്ചു. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. കേരളത്തിലും കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും മോക്ഡ്രിൽ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group