തിരുവനന്തപുരം: ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ സ്വകാര്യത പൂർണമായും ഉറപ്പുവരുത്തുമെന്നും ഏതെങ്കിലും തരത്തിൽ അത്തരം സ്വകാര്യതകൾ ലംഘിച്ചാൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നോ ടു ഡ്രഗ്സ് അഞ്ചാംഘട്ടത്തിനു തുടക്കവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വ്യാപനം തടയേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമൂഹത്തിന് ആകെയുണ്ട് രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ഉത്തരവാദിത്തം എടുക്കണം. രക്ഷിതാക്കൾ ലഹരി ഉപയോഗത്തിൽ നിന്നും പൂർണമായും വിട്ടു നിൽക്കേണ്ടതുണ്ട്. കുട്ടികളോട് സ്നേഹപൂർണ്ണമായി തുറന്നു സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ലഹരിയുടെ ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാക്കാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറ സിന്തറ്റിക് ലഹരിയിലേക്ക് തിരിയുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് ഉപയോഗിക്കുന്ന വ്യക്തികളെ ശാരീരികമായി മാനസികമായും തകർക്കും. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിനും സാമൂഹിക ക്രമം തകരുന്നതിനും കാരണമാകും. ഒരു വ്യക്തിയുടെ സർഗാത്മക കഴിവുകൾ ഇല്ലാതാക്കി നിഷ്ക്രിയമാക്കി മാറ്റും.
സ്കൂൾ കുട്ടികൾ ചെറിയ കൗതുകത്തിനോ ഏതെങ്കിലും കൂട്ടുകാരുടെ നിർബന്ധം കാരണമോ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനോ ആണ് ലഹരിയിലേക്ക് വഴുതിവീഴുക. ക്രമേണ അവർ ലഹരിയുടെ വാഹകരായി മാറും. സ്വന്തം വീടുകളിൽ പോലും അക്രമാസക്തരാകുന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. വീട്ടിൽ വേണ്ടത്ര സ്നേഹവും സ്വാതന്ത്രവും ലഭിക്കാത്തവർക്ക് പുറമേ നിന്ന് ലഭിക്കുന്ന തോന്നൽ ഉണ്ടായാൽ കുട്ടികൾ ഇത്തരം കെണിയിൽ വീഴും. ഇതിനെതിരെ ഒരേ മനസോടെ പ്രവർത്തിക്കണം. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് അവരെ വലയിലാക്കാൻ തക്കം പാർത്തു നടക്കുന്ന സംഘങ്ങളെ തകർക്കാൻ കഴിയണം. ഇതിനായി കേരളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഹരി കേരളത്തിലേക്ക് കടത്തുന്നത് തടയാനായി അതിർത്തികളിലും എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, കൊറിയർ സർവീസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവിടങ്ങളിലും പരിശോധന കർശനമാക്കിയിരുന്നു. ഇത്തരം പരിശോധനകൾക്ക് പൊതുജനങ്ങളുടെ സഹായവും ആവശ്യമാണ്. സർക്കാർ സംവിധാനങ്ങൾ വഴി ചെയ്യാനുള്ള കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്.
കുട്ടികളിൽ ഏതെങ്കിലും രീതിയിൽ പെരുമാറ്റ വൈകല്യം കണ്ടാൽ രക്ഷിതാക്കൾ ഒളിച്ചു വയ്ക്കരുത്. ഏത് കാര്യവും ആരംഭത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ ഫലമുണ്ടാകും. കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. ഏതു മാറ്റവും അധ്യാപകർക്ക് പെട്ടെന്ന് തിരിച്ചറിയാനാകും. ലഹരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാൽ ബാഗ് പരിശോധിക്കുന്നതിനും അധ്യാപകർ മടി കാണിക്കേണ്ടതില്ല. അതിന്റെ പേരിൽ ആരെങ്കിലും വ്യാജപരാതി കൊടുക്കുമെന്ന ഭയവും വേണ്ട.
ലഹരി വിരുദ്ധ പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് സഹകരിക്കുന്നു എന്നതാണ് കേരളത്തിലെ നിലവിലെ സാഹചര്യം. ഓരോ വ്യക്തിയും ഈ പോരാട്ടത്തിൽ പങ്കാളിയാകാൻ തയ്യാറാകണം. നമ്മുടെ നാടിനെ, പുതുതലമുറയെ ലഹരിയുടെ ഇരുണ്ടലോകത്തിൽ നിന്നും രക്ഷിക്കാൻ ഒന്നിച്ച് കൈകോർക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിയുടെ വശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നത്തിനുമായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങൾ മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.
മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, ആർ ബിന്ദു, വീണ ജോർജ്, വി. കെ പ്രശാന്ത് എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, അഡി. ചീഫ് സെക്രട്ടറി ജ്യോതിലാൽ, അഡീഷണൽ എക്സൈസ് കമ്മീഷണർ കെ.എസ് ഗോപകുമാർ, പള്ളിയറ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു
Post a Comment