Join News @ Iritty Whats App Group

യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതികരണവുമായി എംബസി

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ വിമാനത്താവളത്തിൽ പൊലീസുകാർ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. വിദ്യാർത്ഥിയെ നാടുകടത്തുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ആൾക്കൂട്ടത്തിൽ വെച്ച് പൊലീസുകാർ യുവാവിനെ നിലത്തേക്ക് വലിച്ചിട്ട് കമഴ്ത്തി കിടത്തിയ ശേഷം വിലങ്ങ് വെയ്ക്കുകയായിരുന്നു.

നാല് പൊലീസുകാർ ചേർന്നാണ് യുവാവിനെ ബലം പ്രയോഗിച്ച് നിലത്തേക്ക് ചേർത്ത് അമ‍ർത്തുന്നത്. രണ്ട് പൊലീസുകാർ കാൽമുട്ട് യുവാവിന്റെ ശരീരത്തിൽ വെച്ച് അമ‍ർത്തിപ്പിടിച്ചിരിക്കുന്നതും കാണാം. തുടർന്ന് യുവാവിന്റെ കൈകളും കാലുകളും ബന്ധിച്ചു. നാടുകടത്തപ്പെടുന്ന വിദ്യാർത്ഥിയെ ക്രിമിനലിനെ പോലെയാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തതെന്ന് വീഡിയോ ചിത്രീകരിച്ച കുനാൽ ജെയിൻ പ്രതികരിച്ചു. ഒരു പ്രവാസി എന്ന നിലയിൽ താൻ ഏറെ വേദനിച്ചെങ്കിലും നിസഹായനായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ അമേരിക്കയിലെ ഇന്ത്യൻ എംബസി ഇടപെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ഏകദേശം അമ്പതോളം പേർ അടുത്തുണ്ടായിരുന്നു. യുവാവിന് എന്തോ മാനസിക പ്രശ്നമുള്ളത് പോലെ തോന്നി. തങ്ങൾക്ക് ഹിന്ദി അറിയില്ലെന്ന് അധികൃതർ പറയുന്നുണ്ടായിരുന്നു. എന്നാൽ യുവാവ് ഹരിയാൻവി ഭാഷയിലാണ് സംസാരിച്ചത്. എനിക്ക് സഹായിക്കാൻ കഴിയുമെന്ന് തോന്നി അടുത്തേക്ക് ചെന്നു. ഇയാൾ പറയുന്നതെന്താണെന്ന് മനസിലാക്കാൻ ഞാൻ സഹായിക്കാമെന്ന് പറഞ്ഞു. എന്നാൽ അത് അംഗീകരിച്ചില്ല. പകരം കൂടുതൽ പൊലീസുകാരെ വിളിച്ചുവരുത്തുകയാണ് ചെയ്തത്. യുവാവിനെ വിമാനത്തിൽ കയറ്റാൻ കഴിയില്ലെന്ന് പൈലറ്റ് പറഞ്ഞു. ഇതോടെ നിലത്തേക്ക് തള്ളിയിട്ട് കൈയും കാലും കെട്ടുകയായിരുന്നു" - കുനാൽ വിശദീകരിച്ചു.

വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ എംബസി രംഗത്തെത്തി. നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഇന്ത്യക്കാരന് ബുദ്ധിമുട്ടായെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടെന്നും ഇക്കാര്യത്തിൽ പ്രദേശിക അധികൃതരുമായി ബന്ധപ്പെടുകയാണെന്നുമാണ് കോൺസുലേറ്റിന്റെ വിശദീകരണം. ഇന്ത്യക്കാരുടെ ക്ഷേമത്തിൽ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും കോൺസുലേറ്റ് വിശദീകരിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group