നിലമ്പൂരിലെ വാഹന പരിശോധനയിലൂടെ പൊലീസ് ലക്ഷ്യം വച്ചത് തങ്ങളെ അപമാനിക്കാനായിരുന്നെന്ന് ഷാഫി പറമ്പില്‍ എംപി. പരിശോധന മാത്രമായിരുന്നു അവരുടെ ഉദ്ദേശമെങ്കില്‍ പെട്ടി തുറന്ന് പരിശോധിക്കാന്‍ പൊലീസ് ശ്രമിച്ചേനെയെന്ന് അദ്ദേഹം പറഞ്ഞു. പെട്ടി പുറത്തെടുത്ത് വയ്പ്പിച്ച ശേഷം തങ്ങളോട് ഇനി പൊയ്‌ക്കോളൂ എന്നാണ് പൊലീസ് പറഞ്ഞത്. ഇത് തങ്ങളെ സംശയ നിഴലില്‍ നിര്‍ത്താനുള്ള നീക്കമായിരുന്നു. അതിനാലാണ് തങ്ങള്‍ തന്നെ പെട്ടി പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതെന്നും ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞ ശേഷമാണ് തങ്ങള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയോട് തങ്ങള്‍ പൂര്‍ണമായി സഹകരിച്ചുവെന്നും ഇതില്‍ പരാതിയില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. (shafi parambil and rahul mamkoottathil on police inspection)
ഷാഫി പറമ്പിലിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഇതേ വാഹനത്തില്‍ യാത്ര ചെയ്തിരുന്നു. പൊലീസ് എംപിയുടെ മുഖത്ത് ടോര്‍ച്ചടിച്ച് തങ്ങളെ അപമാനിച്ചുകൊണ്ടാണ് വാഹനത്തില്‍ നിന്ന് ഇറക്കിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അതിന് മുന്‍പും ശേഷവും വന്ന മറ്റൊരു വാഹനവും ആരും പരിശോധിച്ചില്ല. ഈ വാര്‍ത്ത പുറത്തുവന്ന ശേഷം ചിലപ്പോള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെ പാലക്കാട്ടെ പെട്ടി വിവാദത്തിന്റെ ഗണത്തില്‍ പെടുത്തി പ്രചാരണം നടത്തുന്നവര്‍ക്ക് പാലക്കാട് ജനങ്ങള്‍ നല്‍കിയ അതേ മറുപടി ലഭിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ഫോക്കസ് എന്തെന്നും ജനകീയ വിഷയങ്ങള്‍ സംസാരിക്കണമെന്നും തങ്ങള്ക്ക് നന്നായി അറിയാം. പെട്ടി തുറന്ന് പരിശോധിക്കുന്നതിന്റെ വിഡിയോ ഉള്‍പ്പെടെ തങ്ങള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ചിട്ടുണ്ട്. തങ്ങളെ സംശയ നിഴലില്‍ നിര്‍ത്താനുള്ള നീക്കത്തെ പൂര്‍ണമായി തടയാനാണ് ഇത്. വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയില്‍. പെട്ടി തുറക്കാതെ തന്നെ അതില്‍ എന്തായിരുന്നുവെന്ന് കാണാന്‍ നിങ്ങളുടെ കണ്ണില്‍ എക്‌സ് റേ ലെന്‍സുണ്ടോ എന്ന് പൊലീസിനോട് ചോദിക്കേണ്ടി വന്നെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment