Join News @ Iritty Whats App Group

ഇസ്രയേലിൽ പ്രവാസികളായുള്ളത് നൂറുകണക്കിനാളുകൾ; കേരളത്തിലും ആശങ്ക

കണ്ണൂർ: ഇറാനിൽ ഇസ്രയേൽ
വ്യോമാക്രമണം നടത്തിയതിന്റെ
അലയൊലികൾ ഇങ്ങ് കേരളത്തിലും;
പ്രത്യേകിച്ച് ഉത്തരമലബാറിൽ.



കാസർകോട്, കണ്ണൂർ ജില്ലകളില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ ഇസ്രയേലില്‍ പ്രവാസികളായുള്ളതാണ് കാരണം. പ്രത്യാക്രമണമുണ്ടാകാനിടയുള്ളതിനാല്‍ ഇസ്രയേലില്‍ എല്ലാവരും അതിജാഗ്രതയിലാണെങ്കില്‍ നാട്ടില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലും ഭീതിയിലുമാണ്.

കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍നിന്നുള്ളവർ ഇസ്രയേലില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളുടെ മലയോരമേഖലയിലെ പല കുടുംബങ്ങളില്‍നിന്നും ഒരാളെങ്കിലും ഇതില്‍ ഉള്‍പ്പെടും. ചില കുടുംബങ്ങളില്‍ മക്കളെല്ലാം അവിടെയാണ്. മാതാപിതാക്കള്‍ മാത്രമാണ് നാട്ടിലുള്ളത്. കാർഷികമേഖലയിലും ഫാക്ടറികളിലും കെയർ ഗിവർമാരായി ജോലിചെയ്യുന്നവരാണ് കൂടുതല്‍.

ജറുസലേം ശാന്തം

ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നുവെന്നല്ലാതെ ജറുസലേമില്‍ എല്ലാം ശാന്തമാണെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന വെള്ളരിക്കുണ്ട് സ്വദേശിനി പറഞ്ഞു. വ്യാഴാഴ്ച രാത്രി 10.30 മുതല്‍ 11 വരെ ഭൂഗർഭ ഷെല്‍ട്ടറിലേക്ക് മാറാൻ നിർദേശമുണ്ടായിരുന്നു. പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മൂന്നുമുതല്‍ പലതവണ മുന്നറിയിപ്പ് അലാറം ഉയർന്നു. എന്നാല്‍ പ്രശ്നമൊന്നുമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചവരെ സ്കൂള്‍ ഉണ്ടാകേണ്ടതാണെങ്കിലും അവധിയായിരുന്നു.

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം സൈറണ്‍ മുഴങ്ങുന്നതും മൊബൈല്‍ ഫോണുകളില്‍ ജാഗ്രതാ അലാമും പതിവാണ്. ചിലപ്പോള്‍ ഭൂഗർഭ ഷെല്‍ട്ടറിലേക്ക് മാറേണ്ടിവരും. അല്ലെങ്കില്‍ സ്റ്റെയർകേസിന് കീഴിലും മറ്റും കയറിയിരിക്കും. മുന്നറിയിപ്പ് സമയം കഴിയുമ്ബോള്‍ പുറത്തുവരും. ഇതെല്ലാം ഇപ്പോള്‍ പരിചിതമായിക്കഴിഞ്ഞു -അവർ പറഞ്ഞു.

ദീർഘദൂര തീവണ്ടികളും ബസുകളും വെള്ളിയാഴ്ച സർവീസ് നടത്തിയില്ലെന്ന് കെയർഗിവറായി ജോലിചെയ്യുന്ന രാജപുരം സ്വദേശിനി പറഞ്ഞു. വിമാനത്താവളം അടച്ചിരിക്കുകയാണ്. മെട്രോ സർവീസുണ്ടായിരുന്നു.

'റാനാന'യില്‍ എല്ലാം പതിവുപോലെ

ഇസ്രയേലിലെ റാനാനാ നഗരത്തില്‍ വെള്ളിയാഴ്ച അല്പം തിരക്ക് കൂടുതലായിരുന്നുവെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി അഖില്‍ അല്‍ഫോൻസ് പറഞ്ഞു. ശനിയാഴ്ച സാബത്തായതിനാല്‍ കടകള്‍ക്ക് അവധിയാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് മുന്നറിയിപ്പ് സൈറണുണ്ടായിരുന്നു. ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അനാവശ്യമായി പുറത്തുപോകരുതെന്നും വിനോദയാത്രകള്‍ ഒഴിവാക്കണമെന്നും എംബസിയില്‍നിന്ന് മുന്നറിയിപ്പ് സന്ദേശമുണ്ടായിരുന്നു.

നാലുവർഷമായി ഇസ്രയേലില്‍ ജോലിചെയ്യുന്നു. സ്വന്തം പൗരന്മാരെപ്പോലെയാണ് അവർ പ്രവാസികളെയും നോക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ബന്ദികളായി പിടിച്ചുകൊണ്ടുപോയവരെ സ്വതന്ത്രരാക്കാത്തതിനാലാണ് ഇസ്രയേല്‍ ഹമാസിനെയും ഇപ്പോള്‍ അവരെ പിന്തുണയ്ക്കുന്ന ഇറാനെയും ആക്രമിച്ചത്. ബന്ദികളെ വിട്ടയച്ചാല്‍ തീരുന്ന പ്രശ്നമാണ്. ഇസ്രയേല്‍ പൗരന്മാർക്കും യുദ്ധത്തോട് വലിയ താത്പര്യമില്ല -അഖില്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group