Join News @ Iritty Whats App Group

‘ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുണ്ട് ‘ ; കായലോട് സദാചാര ആക്രമണത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്

കണ്ണൂര്‍ കായലോട് സദാചാര ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് വ്യക്തമാക്കി. ആത്മഹത്യക്ക് കാരണം ആണ്‍ സുഹൃത്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

ജീവനൊടുക്കിയ റസീനയുടെ ആത്മഹത്യ കുറിപ്പാണ് കേസിലെ നിര്‍ണായക തെളിവ്. ഞായറാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തെ കുറിച്ച് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പില്‍ റസീന വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് യുവതിയുടെ സുഹൃത്തായ റഹീസിനെ പ്രതികള്‍ മര്‍ദിച്ചെന്നും പൊലീസ് പറയുന്നു. അതിനിടെ യുവാവിനെ എസ്ഡിപിഐ ഓഫീസില്‍ എത്തിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. എസ്ഡിപിഐ ഓഫീസില്‍ വെച്ച് യുവാവിനെ വിചാരണ ചെയ്‌തെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ മധ്യസ്ഥ ചര്‍ച്ച മാത്രമാണ് ഉണ്ടായതെന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ വിശദീകരണം.

യുവതിയുടെ സുഹൃത്തിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. റസീനയെ സാമ്പത്തികമായും ശാരീരികമായും യുവാവ് ചൂഷണം ചെയ്‌തെന്ന് കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. അന്വേഷണത്തിനായി തലശേരി എസിപി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group