Join News @ Iritty Whats App Group

വിമാനാപകടം: രണ്ടാമതൊരു ബന്ധുവിന്‍റ ഡിഎൻഎ സാമ്പിൾ ശേഖരിക്കും, രഞ്ജിതയടക്കം നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികയുമ്പോഴും എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു. ഈ സാഹചര്യത്തിൽ വിമാനാപകടത്തിൽ മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. ആദ്യത്തെ ഡിഎൻഎ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎൻഎ സാമ്പിൾ കൂടി ലഭ്യമാക്കാനാണ് നിർദേശം. രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകുമെന്ന് അധികൃതർ കരുതുന്നു.

ഇതുവരെ 247 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മലയാളിയായ നഴ്സ് രഞ്ജിതയുടെ ഉൾപ്പെടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.39 ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയത് അപകടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേർ മരിച്ചു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

അതിനിടെ വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.

നിർബന്ധിത ലൈസൻസിംഗ്, വിശ്രമം, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group