അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തലിനായി ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തലിന് സമ്മതിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ നൂറിലേറെപ്പേർ ഗസ്സയിൽ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണത്തിനായി മാനുഷിക സഹായകേന്ദ്രങ്ങളിലെത്തുന്നവരെ വെടിവയ്ക്കണമെന്ന് ഇസ്രയേലി സൈന്യം ഉത്തരവ് നൽകിയിരുന്നുവെന്ന് ഇസ്രയേലിലെ ഹാരെറ്റ്‌സ് പത്രത്തോട് സൈനികർ വെളിപ്പെടുത്തി. ഇസ്രയേലി പത്രത്തിലെ വെളിപ്പെടുത്തൽ ഗസ്സയിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും ഗസ്സ മാധ്യമ ഓഫീസ് പ്രതികരിച്ചു.
ഗസ്സയിലെ സാഹചര്യം വളരെ മോശമാണ്. അതിനാലാണ് വലിയ രീതിയിലുള്ള പണം അവിടേക്ക് നൽകുന്നത്. ജനങ്ങൾ ഗുരുതരമായ സാഹചര്യമാണ് ഗസ്സയിൽ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു. ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചവർ മോശം ആളുകളാണെന്നും അവിടത്തെ ഭക്ഷ്യവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
നേരത്തെ ഗസ്സയിലെ ഹുമാനിറ്റേറിയൻ ഫൗണ്ടേഷന് 30 മില്യൺ ഡോളർ സഹായം നൽകാൻ യു.എസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഫൗണ്ടേഷന് സഹായം നൽകാനുള്ള തീരുമാനം യു.എസ് എടുത്തത്.
വെള്ളിയാഴ്ച ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 62ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ പത്തുപേർ, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
Post a Comment