അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ് ഫൈനലിന് യോഗ്യത നേടിയപ്പോള്‍ തല ഉയര്‍ത്തി നിന്നത് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. 41 പന്തില്‍ 87 റണ്‍സെടുത്ത ശ്രേയസിന്‍റെ അപരാജിത ഇന്നിംഗ്സാണ് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് പഞ്ചാബിന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ട്രെന്‍റ് ബോള്‍ട്ടിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും യോര്‍ക്കറുകളെ ശ്രേയസ് നേരിട്ട രീതിയായിരുന്നു. പതിനേഴാം ഓവര്‍ എറിയാനെത്തിയ ബോള്‍ട്ടിന്‍റെ രണ്ടാം പന്ത് ഓഫ് സ്റ്റംപ് ലൈനിലെത്തിയ യോര്‍ക്കറായിരുന്നു. അതിനെ അനായാസം തേര്‍ഡ് മാന്‍ ബൗണ്ടറിയിലേക്ക് പറഞ്ഞുവിട്ട ശ്രേയസ് 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഓവറിലെ അവസാന പന്തും ഓഫ് സ്റ്റംപ് ലൈനിലെത്തിയ മറ്റൊരു യോര്‍ക്കര്‍. ഇത്തവണയും ശ്രേയസ് പന്തിനെ തഴുകി തേര്‍ഡ് മാൻ ബൗണ്ടറിയിലേക്ക് യാത്രയയച്ചു.
പിന്നീടായിരുന്നു ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്ന് പിറന്നത്. മുംബൈക്കായി പതിനെട്ടാം ഓവര്‍ എറിയാനെത്തിയത് സാക്ഷാല്‍ ജസ്പ്രീത് ബുമ്ര. എലിമിനേറ്ററില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അടിതെറ്റിച്ച അസാധ്യ യോര്‍ക്കര്‍ പോലെ ഒരെണ്ണം ശ്രേയസിനായും ബുമ്ര കരുതിവെച്ചിരുന്നു. പതിനെട്ടാം ഓവറിലെ രണ്ടാം പന്ത്. സുന്ദറിനെറിഞ്ഞ അതേപോലെ ഏത് ബാറ്ററും നിസഹയാനായിപ്പോകുന്നൊരു മരണയോര്‍ക്കര്‍.
എന്നാല്‍ ഇത്തവണയും പന്ത് എത്തിയത് തേർഡ്‌മാന്‍ ബൗണ്ടറിയില്‍. ആവനാഴിയിലെ അവസാന ആയുധവും നിഷ്ഫലമായതിന്‍റെ നിരാശയില്‍ ബുമ്രയും മുംബൈയും. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടാണ് അതെന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന ആര്‍സിബി ഇതിഹാസം എ ബി ഡിവില്ലിയേഴ്സിന്‍റെ സാക്ഷ്യ. മത്സരത്തില്‍ 41 പന്തില്‍ 87 റണ്‍സുമായി പഞ്ചാബിന്‍റെ വിജയശില്‍പിയായ ശ്രേയസ് അഞ്ച് ബൗണ്ടറികളും എട്ട് സിക്സുകളും പറത്തി. മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്ന് ഫൈനല്‍ ടിക്കറ്റെടുക്കുകയും ചെയ്തു.
Post a Comment