Join News @ Iritty Whats App Group

പുതിയ അധ്യയനത്തിനായി സ്കൂളുകൾ നാളെ തുറക്കും; പരിസരത്ത് പാർക്കിങ് നിരോധനം, പൊലീസ് ക്രമീകരണം തലസ്ഥാന നഗരത്തിൽ

തിരുവനന്തപുരം: സ്കൂൾ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് നാളെ മുതൽ തലസ്ഥാന നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. സ്കൂൾ സോണുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ ഗതാഗത തടസമുണ്ടാകാതെയും അപകടങ്ങളുണ്ടാകാതെയും സുരക്ഷിതമായ സ്ഥലങ്ങളിൽ നിർത്തി കുട്ടികളെ ഇറക്കേണ്ടതും തിരികെ കയറ്റികൊണ്ടു പോകേണ്ടതുമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിക്കുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപമുള്ള റോഡുകളിലും പരിസര റോഡുകളിലും വാഹന പാർക്കിംഗ്, വഴിയോര കച്ചവടങ്ങൾ എന്നിവ അനുവദിക്കുന്നതല്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
അനുവദനീയമായ എണ്ണത്തിൽ കൂടുതൽ കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടുള്ളതല്ല.

സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റ് എന്നിവ ഉണ്ടായിരിക്കേണ്ടതും നിഷ്ക്കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചിരിക്കേണ്ടതും നിയമപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കേണ്ടതുമാണ്. സ്കൂൾ ബസുകൾ ഉൾപ്പടെയുള്ള സ്കൂൾ വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്ത് കുട്ടികളെ കയറ്റേണ്ടതും ഇറക്കേണ്ടതുമാണ്. 

സ്കൂൾ കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങൾ സ്കൂൾ സോണിലെ റോഡുകളിലോ നഗരത്തിലെ പ്രധാനറോഡുകളിലോ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. സ്കൂൾ സമയം അവസാനിക്കുന്നതിന് അര മണിക്കൂർ ‍മുൻപു മാത്രമേ വാഹനങ്ങൾ സ്കൂളുകൾക്ക് സമീപം എത്തി കുട്ടികളെ കയറ്റി കൊണ്ടുപോകാൻ പാടുള്ളൂ. സ്കൂൾ സോണുകളിൽ ‍വാഹനങ്ങൾ വേഗത കുറച്ച് പോകേണ്ടതും കുട്ടികൾ റോഡ് മുറിച്ചു കടക്കുന്നതിനായി വാഹനം നിർത്തി കൊടുക്കേണ്ടതുമാണ്.

സ്കൂൾ കുട്ടികളെ വാഹനത്തിൽ കയറ്റുന്നതും ഇറക്കുന്നതും ക്യൂ സംവിധാനത്തിലൂടെ ആകേണ്ടതും വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായി ഉണ്ടായിരിക്കേണ്ടതും വിദ്യാർഥികൾ വാഹനത്തിന്‍റെ മുൻവശത്തു കൂടെയോ പിൻവശത്തു കൂടെയോ എതിർവശത്തേക്ക് പോകുമ്പോഴും കുട്ടികൾ റോഡ് മുറിച്ചു കടക്കുമ്പോഴും വാഹനങ്ങളിലെ ഡ്രൈവർമാർ/ സഹായികൾ എന്നിവർ അതീവ ജാഗ്രത പുലർത്തേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെനന്ന് സ്കൂൾ അധികൃതർ ഉറപ്പു വരുത്തേണ്ടതുമാണ്. 

സ്കൂൾ സോണുകളിൽ സ്കൂൾ സമയത്തും തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലും ചരക്ക് വാഹനങ്ങൾ അനുവദിക്കാത്തതും നഗരപരിധിയിൽ ചരക്കു വാഹനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമീകരണം പാലിക്കേണ്ടതും ഇത് ലംഘിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പിലുണ്ട്. സ്കൂൾ സോണുകളിൽ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന റോഡുകളിൽ ആവശ്യമായ സമയങ്ങളിൽ വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതാണ്.ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും സിറ്റി പൊലീസിനെ അറിയിക്കാം. ഫോൺ നമ്പരുകൾ:- 0471 -2558731, 9497930055, 9497987001, 9497987002

Post a Comment

Previous Post Next Post
Join Our Whats App Group