Join News @ Iritty Whats App Group

അകന്നു കഴിയുന്ന ഭർത്താവുമായി ഒന്നിക്കാൻ മന്ത്രവാദം; ഫലമില്ലാത്തതിനാൽ കാശ് തിരികെ ചോദിച്ചു, യുവതിയെ കൊലപ്പെടുത്തി മന്ത്രവാദിയും സഹായികളും

ചെന്നൈ:യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റിൽ. തമിഴ്നാട്‌ തിരുനെൽവേലി സ്വദേശിനിയായ യുവതി കായൽവിഴി (28) ആണ് മരിച്ചത്. യുവതിയുടെ ശരീരഭാഗങ്ങൾ മണിമുത്തൻകുളം കനാലിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന യുവതിയെ 8 മാസം മുൻപണ് കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദികളേയും സഹായികളേയും അറസ്റ്റ് ചെയ്തത്.

അതേസമയം, കൊലപാതകം നടത്തിയത് ഒക്ടോബർ 5നാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഭർത്താവുമായി ഒന്നിക്കുന്നതിനുള്ള വഴി തേടിയാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഇയാൾ ലോക്കൽ കേബിൾ ചാനലുകളിൽ പരസ്യം നൽകിയിരുന്നു. ഇത് വിശ്വസിച്ച യുവതി അച്ഛനൊപ്പം മന്ത്രവാദിയെ സമീപിക്കുകയും പണം നൽകുകയും ചെയ്തു. ഫലം കാണാതായതോടെ യുവതി പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായത്. യുവതിയെ ശുചീന്ദ്രത്തേക്ക് വിളിച്ചുവരുത്തി കാറിനുള്ളിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നതായി പ്രതികൾ സമ്മതിച്ചു.

കൊലപാതകത്തിന് ശേഷം ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന 7 പവന്റെ സ്വർണ മാലയും പ്രതികൾ എടുത്തു. ഒരു സ്ത്രീ അടക്കം 3 സഹായികളും അറസ്റ്റിലായിട്ടുണ്ട്. നിരവധി സ്ത്രീകളിൽ നിന്ന് പ്രതികൾ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group