ജനീവ: ഇസ്രയേൽ- ഇറാൻ സംഘർഷങ്ങളിൽ അമേരിക്ക പങ്കുചേർന്നതിനെ അപലപിച്ച് യുഎൻ സെക്രട്ടറി. സൈനിക നീക്കം ഒന്നിനും പരിഹാരമില്ലെന്ന് യുഎൻ ജനറൽ സെക്രട്ടറി ആന്‍റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കൻ നീക്കങ്ങളിൽ ആശങ്കാകുലനാണെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണിതെന്നും ആന്റോണിയോ എക്സിൽ കുറിച്ചു. ഇറാൻ- ഇസ്രയേൽ സംഘർഷം കൈവിട്ട തലത്തിലേക്ക് എത്തിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്നാണ് ആന്റോണിയോ പറയുന്നത്.
ലോകസമാധാനത്തിന് ഭീഷണിയാണ് ട്രംപിന്‍റെ നീക്കങ്ങൾ. സാധാരണക്കാർക്കും, മേഖലയ്ക്കും, ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ സംഘർഷം അതിവേഗം നിയന്ത്രണാതീതമാകാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. ഈ അപകടകരമായ നിമിഷത്തിൽ അരാജകത്വം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. സംഘർഷം ലഘൂകരിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും അംഗരാജ്യങ്ങളോട് ഗുട്ടെറസ് ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനികമായ ഒരു പരിഹാരവുമില്ല. മുന്നോട്ടുള്ള ഒരേയൊരു മാർഗ്ഗം നയതന്ത്രമാണെന്നും ഒരേയൊരു പ്രത്യാശ സമാധാനമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി
അതേസമയം അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങള്‍ മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തകർന്ന തുരങ്കങ്ങൾ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യുഎൻ സുരക്ഷാ കൗൺസിലിന് നൽകിയ പ്രസ്താവനയിൽ ഐഎഇഎ മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.
Post a Comment