Join News @ Iritty Whats App Group

ഒരു യാത്രക്കെന്ന് പറഞ്ഞ് സുഹൃത്തിനോട് കാര്‍ വാങ്ങി, തിരികെ ചോദിച്ചപ്പോഴത്തെ മറുപടി വിചിത്രം; പൊലീസില്‍ പരാതിയുമായി യുവാവ്

കോഴിക്കോട്: താല്‍ക്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് കാര്‍ വാങ്ങിയ ആള്‍ കാര്‍ പണയപ്പെടുത്തിയെന്ന ആരോപണവുമായി യുവാവ്. കൊയിലാണ്ടി പൂക്കാട് സ്വദേശി ജാബിര്‍ ഹസന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. കൊയിലാണ്ടി പൊലീസിലാണ് ജാബിര്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ഷഫീര്‍ എന്ന യുവാവിനെതിരെയാണ് ജാബിര്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 26 ന് തന്‍റെ കെഎല്‍ 56 എസ് 5623 നമ്പറിലുള്ള മഹീന്ദ്ര എസ്‌യുവി കാര്‍ താല്‍കാലിക ആവശ്യം പറഞ്ഞ് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു. പിന്നീട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാഹനം തിരിച്ചു കൊടുത്തില്ല. കഴിഞ്ഞ ദിവസം കര്‍ശനമായി കാര്‍ തിരിച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം മറ്റൊരാള്‍ക്ക് പണയം വെച്ച് മൂന്ന് ലക്ഷം രൂപ കൈപറ്റിയെന്ന വിവരമാണ് നല്‍കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കക്കട്ടിലുള്ള ഒരു വീട്ടിലാണ് നിലവില്‍ കാറുള്ളത്. കാറ് ചോദിച്ച ജാബിറിന് ആ വീടിന്‍റെ ലൊക്കേഷനാണ് ഷഫീര്‍ അയച്ചു നല്‍കിയത്.

പൊലീസ് അന്വേഷണത്തില്‍ ലൊക്കേഷന്‍ പ്രകാരമുള്ള കക്കട്ടിലെ വീട്ടില്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ വാഹനം അവിടെ നിന്ന് മാറ്റിയതായും പരാതിക്കാരന്‍ സൂചിപ്പിച്ചു. വാഹനം കണ്ടെത്തി തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് കാണിച്ച് മുഖ്യമന്ത്രി, ഡിജിപി, വടകര ഡി വൈ എസ്പി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്ന് ജാബിര്‍ ഹസ്സന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group