Join News @ Iritty Whats App Group

കണ്ണൂർ ബിഷപ്പ് ഹൗസിൽ ധനസഹായം ചോദിച്ചെത്തി, കിട്ടിയ പണം പോര; വൈദികനെ കുത്തിയ പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. ധനസഹായം ചോദിച്ചെത്തിയ സാവിയർ കുഞ്ഞുമോൻ എന്ന മുസ്തഫ പണം പോരെന്ന് പറഞ്ഞാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ വൈദികൻ ഫാ.ജോർജ് പൈനാടത്ത് ആശുപത്രിയിൽ ചികിത്സ തേടി.


ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ ബിഷപ്പ് ഹൗസിൽ എത്തിയത്. ബിഷപ്പിന്‍റെ നിർദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയിൽ ഉണ്ടായിരുന്ന ഫാ. ജോർജ് പൈനാടത്തിനെ കണ്ട് സഹായം തേടി. എന്നാൽ മുസ്തഫ ആവശ്യപ്പെട്ട പണം നൽകാൻ വൈദികൻ തയ്യാറായില്ല. തുടർന്നാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈദികനെ കുത്തിയത്. വൈദികന്‍റെ വയറിനും വലതു കൈക്കുമാണ് കുത്തേറ്റത്. വൈദികന്‍റെ പരിക്ക് ഗുരുതരമല്ല. ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കത്തിയുമായി ബിഷപ്പ് ഹൗസിൽ എത്തിയതെന്ന് വൈദികൻ പറഞ്ഞു.


വൈദികന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന വൈദികരും സന്ദർശകരും ചേർന്നാണ് മുസ്തഫയെ ബലമായി കീഴ്പ്പെടുത്തിയത്. തുടർന്ന് സിറ്റി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി അക്രമിയെ കസ്റ്റഡിയിലെടുത്തു. മറ്റൊരു വൈദികനിൽ നിന്ന് കിട്ടാനുളള പണം ആവശ്യപ്പെട്ട് കുഞ്ഞുമോൻ നേരത്തെയും ബിഷപ് ഹൗസിലെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു വൈദികന് വേണ്ടി തൊഴിലെടുത്തതിന്‍റെ പണം ചോദിച്ച് ഇതിന് മുമ്പും എത്തിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ തന്നെ പറയുന്നു. രണ്ട് ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നാണ് പ്രതിയുടെ വാദം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group