കൊട്ടിയൂർ: മൂന്ന് വർഷത്തിനുശേഷം ഇന്ന് കൊട്ടിയൂരില്‍ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടക്കും. വൈശാഖ മഹോത്സവത്തിലെ പ്രധാന ആരാധനകളില്‍ ഒന്നായ രോഹിണി ആരാധന നാളില്‍ നടക്കുന്ന സുപ്രധാന ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി.
കുറുമാത്തൂർ നായ്ക്കല്‍ സ്ഥാനികനാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. വാർധക്യ സഹജമായ കാരണങ്ങളാല്‍ നായ്ക്കൻ സ്ഥാനികന് ക്ഷേത്രത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് മൂന്നു വർഷമായി ആലിംഗന പുഷ്പാഞ്ജലി നടക്കാതിരുന്നത്. പുതിയ നായ്ക്കൻ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഇത്തവണ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്.
ദക്ഷൻ കൊട്ടിയൂരില്‍ യാഗം നടത്തുന്നതറിഞ്ഞെത്തിയ മകള്‍ സതീദേവിയെയും ഭർത്താവ് ശിവനെയും ദക്ഷൻ അധിക്ഷേപിച്ചതിനെ തുടർന്ന് സതീദേവി യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് ഐതിഹ്യം.
പത്നിയുടെ മരണവാർത്തയറിഞ്ഞ് ദുഃഖിതനായ ശിവനെ വിഷ്ണു ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചതിന്‍റെ പ്രതീകമാണ് ആലിംഗന പുഷ്പാഞ്ജലി. പൂജ നടത്തുന്നയാള്‍ വിഗ്രഹത്തെ ആലിംഗനം ചെയ്തു നടത്തുന്ന പൂജാകർമം നടക്കുന്ന ഏക ക്ഷേത്രമാണ് കൊട്ടിയൂർ. ഈ വർഷത്തെ തൃക്കൂർ അരിയളവ് 26ന് നടക്കും.
Post a Comment