ഇരിട്ടി: മലയോര ഹൈവേയിൽ
ആനപ്പന്തിയിലെ കൊണ്ടൂർ പുഴയിൽ
നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ
പ്രവൃത്തി വൈകുന്നതിൽ നാട്ടുകാർ
പ്രതിഷേധത്തിന് ഒരുങ്ങുന്നു.
പാലം ആറുമാസം കഴിഞ്ഞിട്ടും കോണ്‍ക്രീറ്റ് പോലും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കാലവർഷം തുടങ്ങിയതോടെ രണ്ടാഴ്ച മുൻപ് പുഴയില്‍ മണ്ണിട്ട് നിർമിച്ചിരുന്ന സമന്താര റോഡ് ഒഴുകിപോയിരുന്നു. ഇതോടെ വള്ളിത്തോട് കരിക്കോട്ടക്കരിയിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ആനപ്പന്തി ടൗണ്‍ ഒറ്റപ്പെട്ട നിലയിലാണ്. പുഴക്ക് കുറുകെ താത്കാലിക നടപ്പാലം നിർമിച്ചെങ്കിലും ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടയാല്‍ നടപ്പാലം ഒഴുകിപോകുമെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂള്‍, അങ്കണവാടി, പള്ളി, ബാങ്ക്, ഹെല്‍ത്ത് സെന്‍റർ, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന ആനപ്പന്തിയിലേക്ക് ജനങ്ങള്‍ നടപ്പാലത്തെ ആശ്രയിച്ചാണ് പോകുന്നത്. വാഹനത്തില്‍ കിലോമീറ്റർ ചുറ്റിവളഞ്ഞ് വേണം ആനപ്പന്തിയില്‍ എത്താൻ.
ജൂണ്‍ 15 നുള്ളില്‍ മെയിൻ സ്ലാവിന്‍റെ കോണ്‍ക്രീറ്റ് പൂർത്തിയാക്കി ഒരു മാസത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതർ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, മെയിൻ സ്ലാവിന്‍റെ കോണ്‍ക്രീറ്റിന് ആവശ്യമായ കമ്ബി കെട്ടല്‍ വരെ ഇനിയും ആരംഭിച്ചിട്ടില്ല. രണ്ട് തൂണുകളുടെയും ഭീമിന്‍റെയും നിർമാണം മാത്രമാണ് നടന്നിരിക്കുന്നത്.
നിർമാണ കാലാവധി മൂന്ന് തവണയില്‍ അധികം തവണ നീട്ടി നല്‍കിയിട്ടും കരാറുകാരന്‍റെ അലംഭാവമാണ് നിർമാണം വൈകാൻ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്. സമാന്തര റോഡ് ഒഴുകിപോയതിന് ശേഷം ഒന്നോ രണ്ടോ തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.വഴി ഒഴുകിപോയതോടെ മറുകര കടക്കാൻ കഴിയാതെ വരുന്ന കുടുംബങ്ങള്‍ ഇതിനെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു .
Post a Comment