മയ്യില്‍: മീൻ വളർത്തുടാങ്കില്‍ നിന്ന് മത്സ്യ കർഷകന്‍റെ രണ്ടു ക്വിന്‍റലോളം മീനുകളെ മോഷ്ടിച്ചു കടത്തി. മലപ്പട്ടം മേപ്പറമ്ബിലെ എ.വി.നാരായണന്‍റെ മത്സ്യങ്ങളാണ് മോഷണം പോയത്.വീടിനുപിറകില്‍ റബർ തോട്ടത്തില്‍ ഒരുക്കിയ ടാങ്കിന്‍റെ മേല്‍ഭാഗത്തെ വല മുറിച്ചാണ് മോഷണം നടത്തിയത്.
ജൂണ്‍ ഒന്നിനും രണ്ടിനും മീനുകള്‍ക്ക് തീറ്റയിട്ടു നല്‍കിയപ്പോള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. 750 വരാല്‍ മീനുകളായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്.
പരിശോധിച്ചപ്പോള്‍ ഏഴെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേയ് 31 രാത്രിയായിരിക്കും മോഷണം നടന്നതെന്നാണ് കരുതുന്നത്.
നാരായണന്‍റെ പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരള കർഷകസംഘം നേതാക്കള്‍ മോഷണം നടന്ന സ്ഥലം സന്ദർശിച്ചു.
രണ്ടു ലക്ഷത്തിന്‍റെ നഷ്ടം
അടുത്ത മാസം വിളവെടുക്കാനിരിക്കെയാണ് മത്സ്യങ്ങള്‍ മോഷണം പോയത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഉണ്ട്. ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെയാണ് മത്സ്യ കൃഷി ചെയ്തു വരുന്നത്.
കഴിഞ്ഞ എട്ടു വർഷമായി ഈ മേഖലയില്‍ പ്രവർത്തിച്ചു വരുന്ന തനിക്ക് ഇത് ആദ്യാനുഭവമാണ്. സ്ഥലത്തെ കുറിച്ചും മീനുകളുടെ വളർച്ചയെ കുറിച്ചും കൃത്യമായി അറിയാവുന്നവരോ അല്ലെങ്കില്‍ ഇവരുടെ സഹായത്തോടു കൂടിയോ ആകാം മോഷണം നടന്നതെന്ന് സംശയിക്കുന്നു.
Post a Comment