Join News @ Iritty Whats App Group

ബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു


വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിലെ ജലം 25 ശതമാനം ടണല്‍ മുഖേന കക്കയം ഡാമിലേക്ക് ഒഴുക്കി വിടുന്നതായും അധികൃതര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമലയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. തൃശൂർ കരുവന്നൂരിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഈ നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും സംസ്ഥാന ജലസേചന വകുപ്പിന്റെ നിർദേശമുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.

അതേസമയം, നാളെയോടെ മഴയുടെ തീവ്രത കുറയും. ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ജൂണ്‍ 19, 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 19 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group