Join News @ Iritty Whats App Group

‘ഇറാനെ ആക്രമിച്ച ഇസ്രയേൽ ദുഃഖിക്കേണ്ടി വരും, നിലനിൽപ്പ് തന്നെ ഇല്ലാതാകും’; ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി

ഇറാനെ ആക്രമിച്ച ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി. ഇറാനെ ആക്രമിച്ച ഇസ്രയേൽ ദുഃഖിക്കേണ്ടി വരുമെന്ന് പറഞ്ഞ തുർക്കി ഇസ്രയേലിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും മുന്നറിയിപ്പ് നൽകി. ഇറാന്റെ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ കനത്ത പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇറാന്റെ തലസ്ഥാന ന​ഗരമായ ടെഹ്റാനിൽ വ്യാപക ആക്രമണമാണ് ഇസ്രയേൽ ഇന്നലെ നടത്തിയത്. ഇറാനിൽ സൈനിക കേന്ദ്രങ്ങളും റിഫൈനറികളും ടെലിവിഷൻ ചാനലും ഇസ്രയേൽ ആക്രമിച്ചു. ഇസ്രയേലിന്റെ അയേൺ ഡോമുകളെ ഭേദിച്ച് ഇറാന്റെ ബാലിസ്റ്റിക്ക് മിസൈലുകൾ നാശം വിതച്ചു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല.

അതിനിടെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച് ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെൽ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന് വിശദീകരണം. ഇറാന്റെ അവകാശവാദത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അയേൺ ഡോം പ്രതിരോധ സംവിധാനത്തിലെ മിസൈലുകൾ ഇസ്രയേലിന്റെതന്നെ നെവാതിം വ്യോമതാവളത്തിൽ പതിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ തുർക്കിയിലെ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്‌തു.

Post a Comment

Previous Post Next Post
Join Our Whats App Group