Join News @ Iritty Whats App Group

ബി‌എസ്‌എൻ‌എൽ സേവനങ്ങൾ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകള്‍ക്ക് ഡിഒടി നിർദ്ദേശം, കാരണം ഡാറ്റാ സുരക്ഷ- റിപ്പോര്‍ട്ട്

ദില്ലി:ഡാറ്റാ സുരക്ഷയ്ക്കായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ (ബിഎസ്എൻഎൽ) സേവനങ്ങൾ ഉപയോഗിക്കാൻ ടെലികോം വകുപ്പ് (ഡിഒടി) സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. ബി‌എസ്‌എൻ‌എല്ലിനൊപ്പം മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്‍റെ (എം‌ടി‌എൻ‌എൽ) ടെലികോം സേവനം ഉപയോഗിക്കാനും സംസ്ഥാന സർക്കാരുകളോട് ടെലികോം വകുപ്പ് കത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സർക്കാർ ടെലികോം കമ്പനികളുടെ സേവനങ്ങൾ പ്രോജക്ട് അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ടെലികോം മേഖലയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ പറയുന്നു. രാജ്യത്ത് ഇത്തരമൊരു നിർദ്ദേശം നൽകുന്നത് ഇതാദ്യമാണെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നു.</p><p>ഏപ്രിലിൽ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് ഡിഒടി സെക്രട്ടറി നീരജ് മിത്തൽ എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര മന്ത്രിസഭ നേരത്തെ എടുത്ത തീരുമാനം കണക്കിലെടുത്ത്, എല്ലാ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ്, ലീസ്ഡ് ലൈൻ ആവശ്യങ്ങൾക്കായി ബിഎസ്എൻഎല്ലിന്‍റെയും എംടിഎൻഎല്ലിന്‍റേയും സേവനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാൻ അഭ്യർഥിക്കുന്നു എന്നുമാണ് കത്തില്‍ ഡിഒടി സെക്രട്ടറി എഴുതിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, റിലയൻസ് ജിയോ, ഭാരതി എയർടെൽ പോലുള്ള സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ബി‌എസ്‌എൻ‌എല്ലിന്‍റെ 4ജി നെറ്റ്‌വർക്ക് രാജ്യമെമ്പാടും ലഭ്യമല്ല എന്നത് ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. അതേസമയം സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് രാജ്യത്ത് പലയിടത്തും 5ജി നെറ്റ്‌വർക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ബി‌എസ്‌എൻ‌എൽ ഏകദേശം 280 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 18 വർഷത്തിനുശേഷമാണ് തുടർച്ചയായി രണ്ട് പാദങ്ങളിൽ ബി‌എസ്‌എൻ‌എൽ ലാഭം നേടുന്നത്. വരുമാനം വർധിപ്പിക്കുന്നതിന് 4ജി സേവനം കമ്പനിയെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിഎസ്എന്‍എല്ലിന് ഏകദേശം 2,247 കോടി രൂപയുടെ നഷ്‍ടം സംഭവിച്ചു. മുന്‍ സാമ്പത്തിക വർഷത്തിലെ (FY24) 5,370 കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനം കുറവാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിഎസ്എന്‍എല്ലിന്‍റെ പ്രവർത്തന വരുമാനം (Operating Revenue) 7.8 ശതമാനം വർധിച്ച് ഏകദേശം 20,841 കോടി രൂപയായി.

Post a Comment

Previous Post Next Post
Join Our Whats App Group