Join News @ Iritty Whats App Group

വെജ് ബിരിയാണി, വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്..; സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദമാക്കിയത്.


സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം മെനു പരിഷ്കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് കുറിപ്പിൽ പറയുന്നു.

ഇലക്കറി വർഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകണം.


വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണ്.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സ്കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ



ഒന്നാം ദിവസം: ചോറ്, കാബേജ് തോരൻ, സാമ്പാർ

രണ്ടാം ദിവസം: ചോറ്, പരിപ്പ് കറി, ചീരത്തോരൻ

മൂന്നാം ദിവസം: ചോറ്, കടല മസാല, കോവയ്ക്ക തോരൻ

നാലാം ദിവസം: ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ

അഞ്ചാം ദിവസം: ചോറ്, സോയ കറി, കാരറ്റ് തോരൻ

ആറാം ദിവസം: ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്റൂട്ട് തോരൻ

ഏഴാം ദിവസം: ചോറ്, തീയൽ, ചെറുപയർ തോരൻ

എട്ടാം ദിവസം: ചോറ്, എരിശ്ശേരി, മുതിര, തോരൻ

ഒമ്പതാം ദിവസം: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ

·പത്താം ദിവസം: ചോറ്, സാമ്പാർ, മുട്ട അവിയൽ

·പതിനൊന്നാം ദിവസം: ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുകറി

പന്ത്രണ്ടാം ദിവസം: ചോറ്, പനീർ കറി, ബീൻസ് തോരൻ

·പതിമൂന്നാം ദിവസം: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ

·പതിനാലാം ദിവസം: ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ

·പതിനഞ്ചാം ദിവസം: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

·പതിനാറം ദിവസം: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ

·പതിനേഴാം ദിവസം: ചോറ്/എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി

പതിനെട്ടാം ദിവസം: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

പത്തൊമ്പതാം ദിവസം: ചോറ്, പരിപ്പ് കുറുമ, അവിയൽ

ഇരുപതാം ദിവസം: ചോറ്/ ലെമൺ റൈസ്, കടല മസാല

Post a Comment

Previous Post Next Post
Join Our Whats App Group