ഭോപ്പാൽ: പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാക്കളിൽ ഒരാൾ മരിച്ചു. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ മെഹ്ഗാവ് സ്വദേശിയായ ജുനൈദ് ആണ് മരിച്ചത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിബാഗത്തിൽ ചികിത്സയിലായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം രാവിലെയാണ് ജുനൈദ് മരണപ്പെട്ടത്. ജൂൺ അഞ്ചിനാണ് മെഹ്ഗാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് ജുനൈദും മറ്റൊരു യുവാവും ഗോ സംരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നത്.
പത്തോളം പശുക്കളെ യുവാക്കൾ കടത്തിയെന്നാരോപിച്ചായിരുന്നു ക്രൂര മർദ്ദനം. ക്ഷേത്രത്തിന് സമീപം പശുക്കളെ കെട്ടിയിട്ടുണ്ടെന്നും ഇവരെ യുവാക്കൾ കടത്തിക്കൊണ്ടുപോവുകായെണെന്നും ആരോപിച്ചായിരുന്നു മർദ്ദനം. ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് യുവാക്കൾക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഗോ സംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവർ യുവാക്കളെ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളും പുറത്ത് വന്ന വീഡിയോകളും വ്യക്തമാക്കുന്നത്. മർദ്ദനമേറ്റ് ബോധം പോയ യുവാക്കളെ പൊലീസ് എത്തിയാണ് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗുരുതര പരിക്കേറ്റിരുന്ന ജുനൈദ് വെന്‍റിലേറ്ററിലായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
മർദ്ദനമേറ്റ രണ്ടാമത്തെ യുവാവിന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്. മകൻ നിരപരാധിയായിരുന്നുവെന്നും കൂലിവേല ചെയ്താണ് കുടുംബത്തെ നോക്കിയിരുന്നതെന്നും മരണപ്പെട്ട ജുനൈദിന്‍റെ പിതാവ് പറഞ്ഞു. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പത്തിലധികം പേർ ഒളിവിലാണെന്നും സാഞ്ചി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് നിതിൻ അഹിർവാർ പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് കലാപമുണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
Post a Comment