Join News @ Iritty Whats App Group

'കായലോട് നടന്നത് താലിബാനിസം'; റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി കെ ശ്രീമതി

കണ്ണൂർ:കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. തൻ്റെ ഭർത്താവല്ലാത്ത ആളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ശ്രീമതി വിമര്‍ശിച്ചു.

തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണ് കായലോട് നടന്നത്. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് പി കെ ശ്രീമതി കുറ്റപ്പെടുത്തി. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിന്റെ മുൻപിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ തോന്നാത്ത വിധം മാനസികമായ പീഡനത്തിന് വിധേയയായി. നിയമം കയ്യിലെടുക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരു പാവം സഹോദരനും സഹോദരിക്കും നേരെ വ്യക്തിഹത്യ നടത്തുന്നത് അതിഭീകരമാണ്. മൂന്ന് പേരെ അല്ല മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഏത് സംഘടനയായാലും, ആർക്കും ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ട സംഭവമാണിതെന്നും അല്പമെങ്കിലും സംസ്കാരം ഉണ്ടെങ്കിൽ ഇതിനോട് യോജിക്കാൻ കഴിയില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group