Join News @ Iritty Whats App Group

ഇസ്രയേലിന്‍റെയും യുഎസിന്‍റെയും വലിയ തലവേദന, ഇറാന്‍റെ ആകാശ വര്‍ഷത്തില്‍ പുത്തന്‍ ഖാസിം ബാസിര്‍ ബാലിസ്റ്റിക് മിസൈലും, താഡ് പോലും തകര്‍ക്കാന്‍ ശേഷി

ടെല്‍ അവീവ്:ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ തൊടുത്തുവിടുന്ന മിസൈല്‍ വര്‍ഷത്തില്‍ പുതിയ ബാലിസ്റ്റിക് മോഡലായ ഖാസിം ബാസിര്‍ (Qassem Basir) ഉണ്ടെന്ന് പ്രതിരോധ വിദഗ്‌ധരെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം ശനിയാഴ്‌ച പുറത്തുവിട്ട വീഡിയോകളില്‍ ഇറാന്‍ മുമ്പ് പ്രയോഗിച്ചിട്ടില്ലാത്ത ഖാസിം ബാസിര്‍ ബാലിസ്റ്റിക് മിസൈലുകളും ദൃശ്യമാണെന്ന് ഇസ്രയേല്‍ വ്യോമ വിദഗ്ധനായ താല്‍ ഇന്‍ബാര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ആയിരം മൈല്‍ വരെ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഇറാന്‍ വികസിപ്പിച്ച ഖാസിം ബാസിര്‍.


അതേസമയം ഇറാന്‍റെ മിസൈല്‍ ശേഖരം കണ്ട് ഇസ്രയേല്‍ ഭയന്നിട്ടില്ലെന്ന് താല്‍ ഇന്‍ബാര്‍ പറയുന്നു. 2024 ഏപ്രിലിലും ഒക്ടോബറിലും ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളും ഇസ്രയേലിലേക്ക് മിസൈലുകള്‍ അയക്കുന്നുണ്ടെങ്കിലും അവയുടെ എണ്ണം പരിമിതാണ്. എന്നാല്‍ ഇത്തവണ ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഒരേസമയം അനേകം മിസൈലുകള്‍ അയക്കുന്നതാണ് ഇറാന്‍റെ രീതിയെന്ന് ഇന്‍ബാര്‍ പറയുന്നു. അതിനാല്‍തന്നെ ഇസ്രയേലില്‍ മിസൈല്‍ പതിച്ച ചിലയിടങ്ങള്‍ ജനവാസ മേഖലയാണ്. വലിയ നാശം അവിടങ്ങളില്‍ ഇതുണ്ടാക്കും. ഭൂഗര്‍ഭ ശേഖരങ്ങളില്‍ വര്‍ഷങ്ങളോളം കാത്തുസൂക്ഷിക്കാവുന്നതും മിനിറ്റുകള്‍ കൊണ്ട് ആക്രമണത്തിന് തയ്യാറാക്കാനാവുന്നതുമായ മിസൈലാണ് ഇറാന്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഖാസിം ബാസിര്‍ എന്ന് താല്‍ ഇന്‍ബാര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് കൂട്ടിച്ചേര്‍ത്തു.

ഖാസിം ബാസിര്‍: സവിശേഷതകൾ


ഇസ്രയേലിനും അമേരിക്കയ്ക്കും തലവേദന സൃഷ്ടിക്കുന്ന ഇറാന്‍റെ ഏറ്റവും പുതിയ സോളിഡ്-ഫ്യുവല്‍ഡ് ബാലിസ്റ്റിക് മിസൈലാണ് ഖാസിം ബാസിര്‍. കഴിഞ്ഞ മാസമാണ് ഈ മിസൈല്‍ ഇറാന്‍ പ്രതിരോധ മന്ത്രാലയം അവതരിപ്പിച്ചത്. 1,200 കിലോമീറ്റര്‍ വരെയാണ് ഖാസിം ബാസിര്‍ ബാലിസ്റ്റിക് മിസൈലിന്‍റെ പരിധി. യുഎസിന്‍റെ താഡും പാട്രൈട്ടും പോലുള്ള നവീന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള ശേഷി ഖാസിം ബാസിര്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്കുള്ളതായി പറയപ്പെടുന്നു. 2020 ജനുവരിയിൽ ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ ഓര്‍മ്മയ്ക്കായാണ് ഇറാന്‍ ഈ ബാലിസ്റ്റിക് മിസൈലിന് ഖാസിം ബാഷിര്‍ എന്ന പേര് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍റെ റവല്യൂഷണറി ഗാര്‍ഡ് രഹസ്യ വിഭാഗത്തിന്‍റെ തലവനായിരുന്ന ഖാസിം സുലൈമായി അവിടുത്തെ ഏറ്റവും കരുത്തനായ സൈനിക നേതൃത്വമായാണ് അറിയപ്പെട്ടിരുന്നത്.


ഖാസിം ബാസിര്‍ എന്നത് മധ്യ-ദൂര ബാലിസ്റ്റിക് മിസൈലുകളുടെ ഗണത്തില്‍പ്പെടുന്നവയാണ്. 2020ല്‍ ഇറാന്‍ അവതരിപ്പിച്ച ഷാഹിദ് ഹജ് ഖാസിം എന്ന മിസൈലിന്‍റെ പിന്‍ഗാമിയാണ് ഖാസിം ബാസിര്‍. 500 കിലോഗ്രാം പേലോഡ് വഹിക്കാനുള്ള ശേഷി ഖാസിം ബാസിര്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്കുണ്ട്. ഇന്‍ഫ്രാറെഡ് സീക്കറിന്‍റെ സഹായത്തോടെയുള്ള നാവിഗേഷന്‍ സംവിധാനമാണ് ഖാസിം ബാസിറിലുള്ളത്. ജിപിഎസ് ആശ്രയമില്ലാതെ തന്നെ ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഈ മിസൈലുകളില്‍ ഉപയോഗിക്കുന്നു. ഖാസിം ബാസിര്‍ ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹരശേഷി ഇപ്പോഴും കൃത്യമായി പുറത്തുവന്നിട്ടില്ല.

പൊതുവില്‍ 300 മുതല്‍ 700 വരെ കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കുന്നതെന്ന് താല്‍ ഇന്‍ബാറിന്‍റെ കണക്കുകൂട്ടല്‍. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. 300 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ഒരു മാസം നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നതെന്നും ആറ് വര്‍ഷം കൊണ്ട് 20,000 മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ഇറാന് കഴിയുമെന്നും നെതന്യാഹു വ്യക്തമാക്കി. ഈ മിസൈലുകളൊക്കെയും ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് സ്ഫോടകവസ്‌തുക്കള്‍ നിറച്ചവയായിരിക്കും എന്നും ബെഞ്ചമിന്‍ നെതന്യാഹു കൂട്ടിച്ചേര്‍ത്തതായി ന്യൂയോര്‍ക്ക് ടൈംസിന്‍റെ വാര്‍ത്തയിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group