കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി, വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക.അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ കെനിയയിലെ പ്രശസ്തമായ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
പരിക്കേറ്റവരില്‍ ഒരാള്‍ വെള്ളിയാഴ്ചയോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജാവും. 21 പേരെ ശനിയാഴ്ചയും ആശുപത്രി വിടാന്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ യാത്രാസംഘത്തിലെ മറ്റൊരാള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും ആശുപത്രി വിടാന്‍ കഴിയുമെന്നാണ് സൂചന. ആശുപത്രിയിലുള്ള എല്ലാവരും അപകടനില തരണം ചെയ്തതായി ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവരുടെയും മരിച്ചവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിലായി നൈറോബിയിലെത്തിയിരുന്നു.
മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ രേഖകളുടെ നടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യന്‍ ഹൈകമീഷണര്‍ ഉള്‍പ്പെടെ സംവിധാനങ്ങളും, കെനിയയിലെ കേരള അസോസിയേഷന്‍ അംഗങ്ങള്‍, വിവിധ പ്രവാസി അസോസിയേഷനുകള്‍ എന്നിവരും സജീവമായി രംഗത്തുണ്ട്.
ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്‌നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.
Post a Comment