റിയാദ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി ഹാജിമാരുടെ മദീന സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. ആദ്യദിനത്തിൽ 345 തീർഥാടകരാണ് സന്ദർശനത്തിനായി പുറപ്പെടുന്നത്. ഹജ്ജ് സർവിസ് കമ്പനി ഒരുക്കുന്ന ബസ് മാർഗമാണ് തീർഥാടകരുടെ യാത്ര. ലഗേജുകൾ കൊണ്ടുപോകാനായി പ്രത്യേകമായി ട്രക്കും ഒരുക്കിയിട്ടുണ്ട്. മദീനയിലെ പ്രവാചക പള്ളിക്കടുത്ത് മർക്കസിയ ഏരിയയിലാണ് ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
രണ്ടു ബ്രാഞ്ചുകളിലായി രണ്ട് ഡിസ്പെൻസറികളും 20 കിടക്കകളുള്ള ആശുപത്രിയും ഹജ്ജ് മിഷെൻറ കീഴിൽ മദീനയിൽ ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ട്. മദീനയിൽ എട്ടു ദിവസം നീളുന്ന സന്ദർശനം പൂർത്തീകരിച്ച് ഈ മാസം 25-ന് മലയാളി ഹാജിമാരുടെ ആദ്യ സംഘം നാട്ടിലേക്ക് തിരിക്കും. കോഴിക്കോട്ടേക്കാണ് ആദ്യ മലയാളി തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കുന്നത്. മദീനയിൽ പ്രവാചക പള്ളിയും ഖബറിടവും റൗദയും ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും.
കടുത്ത വേനൽ ചൂടാണ് മദീനയിൽ അനുഭവപ്പെടുന്നത്. പുറത്തിറങ്ങുമ്പോൾ കുട കൈയ്യിൽ കരുതണം, വെള്ളം ധാരാളം കുടിക്കണം തുടങ്ങിയ കർശന നിർദേശങ്ങൾ ഹാജിമാർക്ക് നൽകിയിട്ടുണ്ട്. മദീനയിലെ താമസകേന്ദ്രങ്ങൾ ഹറമിനടുത്ത മർക്കസിയ ഏരിയയിൽ ആയതിനാൽ മക്കയിലുള്ളത് പോലുള്ള പാചകസൗകര്യം തീർഥാടകർക്ക് ലഭിക്കില്ല. ഹോട്ടലുകളും കാറ്ററിങ് സർവിസുമാണ് ഭക്ഷണത്തിനായി തീർഥാടകർ ഉപയോഗിക്കുന്നത്. മലയാളി തീർഥാടകർ മദീനയിലേക്ക് പുറപ്പെടുമ്പോൾ ഈ ആശങ്കയുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ ഹാജിമാർ വ്യാഴാഴ്ച മുതൽ മദീനയിൽ എത്തിത്തുടങ്ങിയിരുന്നു. ജിദ്ദ വഴി ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടരുകയാണ്. 6,000-ത്തോളം തീർഥാടകരാണ് ഇതുവരെ നാട്ടിൽ തിരിച്ചെത്തിയത്.
Post a Comment