Join News @ Iritty Whats App Group

ഐപിഎല്‍ കിരീടത്തിന്റെ പുതിയ അവകാശികളെ ഇന്നറിയാം; ആര്‍സിബി പഞ്ചാബ് കിങ്‌സിനെ നേരിടും

ഐപിഎല്‍ കിരീടത്തിന്റെ പുതിയ അവകാശികളെ ഇന്നറിയാം. ഫൈനല്‍ പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം നടക്കുക. ( IPL 2025 final RCB VS PBKS)

2008ലെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്നവരെങ്കിലും ഇന്നേവരെ കപ്പെടുത്തിട്ടില്ലാത്തവരെന്ന വന്‍ നാണക്കേടില്‍ നിന്ന് ഒരു ടീമിന് ഇന്ന് മോചനമുണ്ടാകും. മറുടീമിന്റെ കപ്പിനായുള്ള കാത്തിരിപ്പ് പത്തൊമ്പതാം സീസണിലേക്ക് നീളും. കന്നിക്കിരീടത്തിന്റെ സന്തോഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോ അതോ പഞ്ചാബ് കിങ്‌സിനോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.



ഒന്നാം ക്വാളിഫയറില്‍ ജയിച്ച് ബെംഗളൂരു നേരിട്ട് ഫൈനലിന് ടിക്കറ്റെടുത്തപ്പോള്‍ പഞ്ചാബിന് മുംബൈയെക്കൂടി മറികടക്കേണ്ടി വന്നു. ഈ സാലകപ്പ് നംദേ എന്നത് ഇത്തവണയെങ്കിലും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 2009,2011,2016 വര്‍ഷങ്ങളില്‍ കയ്യെത്തും ദൂരെ നഷ്ടമായ കിരീടം നാലാം അവസരത്തില്‍ കൈപിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.

ഒന്ന് രണ്ട് സൂപ്പര്‍ താരങ്ങളില്‍ തങ്ങി നില്‍ക്കുന്നതിനപ്പുറം ഒരു ടീം എന്ന നിലയില്‍ ആര്‍സിബി തിളങ്ങിയ വര്‍ഷമാണിത്. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ വ്യത്യസ്ഥരായ 9 താരങ്ങള്‍ നേടിയെന്നത് തന്നെ ഇതിന് സാക്ഷ്യം. വിരാട് കോലിയുടെ അടങ്ങാത്ത റണ്‍ദാഹത്തില്‍ തന്നെയാണ് ബെംഗളൂരുവിന്റെ ബാറ്റിങ് പ്രതീക്ഷകള്‍. 14 മത്സരങ്ങളില്‍ 614 റണ്‍സ് നേടിയ കോലിക്ക് ഇന്ന് 146 റണ്‍സ് നേടാനായാല്‍ മൂന്നാം ഓറഞ്ച് ക്യാപും സ്വന്തമാക്കാം. ചെണ്ടകളെന്ന ചീത്തപ്പേര് ജോഷ് ഹേസല്‍വുഡിന്റെ ചിറകിലേറി ആര്‍സിബി ബൌളേഴ്‌സ് മാറ്റിയെടുത്തുവെന്നതും ഈ സീസണിന്റെ മാത്രം പ്രത്യേകതയാണ്.

പഞ്ചാബ് കിങ്‌സിനിത് രണ്ടാം ഫൈനലാണ് 2014ല്‍ റണ്ണറപ്പുകളായ പഞ്ചാബ് അതിന് ശേഷം ഇതാദ്യമായാണ് ഇത്തവണ പ്ലേ ഓഫിലേക്ക് മുന്നേറിയത് പോലും. പഞ്ചാബ് കിങ്‌സിന്റെ സ്വപ്നക്കുതിപ്പിന് പിന്നില്‍ ശ്രേയസ് അയ്യരെന്ന ക്യാപ്റ്റന്റെ പങ്ക് ചെറുതൊന്നുമല്ല. 603 റണ്‍സുമായി പഞ്ചാബ് നിരയിലെ ടോപ് സ്‌കോററായ ശ്രേയസിന്റെ രണ്ടാം ക്വാളിഫയറിലെ മുംബൈക്കെതിരായ ഇന്നിങ്‌സ് ഐപിഎല്‍ ചരിത്രത്തിലെ ടോപ് ക്ലാസുകളിലൊന്നാണ്. കൊല്‍ക്കത്തയ്ക്ക് പിന്നാലെ പഞ്ചാബിനേയും ജേതാക്കളാക്കാനായാല്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്ക് കിരീടം നേടിക്കൊടുക്കുന്ന ആദ്യ ക്യാപ്റ്റനാകും ശ്രേയസ്.

Post a Comment

Previous Post Next Post
Join Our Whats App Group