Join News @ Iritty Whats App Group

ഒറ്റയടിക്ക് ലക്ഷങ്ങൾ, കുമ്പളക്കാർക്ക് എട്ടിന്റെ പണിയുമായി എഐ ക്യാമറ, പിഴയടക്കാൻ ലോൺ എടുക്കണമെന്ന് നാട്ടുകാർ

കുമ്പള: എഐ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത് അറിഞ്ഞില്ല. ആദ്യ കാലത്ത് പിഴ നോട്ടീസുകളും കിട്ടിയില്ല. തലങ്ങും വിലങ്ങും വാഹനങ്ങളിൽ പാഞ്ഞ് നാട്ടുകാർ. ഒരു വർഷം കഴിഞ്ഞ് പിഴയെല്ലാം ഒന്നിച്ച് കിട്ടിയതോടെ പിഴ അടയ്ക്കാൻ ലോൺ എടുക്കേണ്ട സ്ഥിതിയിൽ നാട്ടുകാർ. കാസർകോട് കുമ്പളയിലും പരിസരങ്ങളിലും താമസിക്കുന്ന നിരവധി പേർക്കാണ് ഒരു എഐ ക്യാമറ മൂലം എട്ടിന്റെ പണി കിട്ടിയിട്ടുള്ളത്. ഒന്നര ലക്ഷം രൂപ വരെയാണ് ചിലർക്ക് ഫൈൻ ലഭിച്ചത്. 2023 മുതലുള്ള നിയമലംഘനങ്ങളിലെ പിഴയാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിൽ നിന്ന് കിട്ടാൻ തുടങ്ങിയത്. 

എഐ ക്യാമറ പ്രവർത്തിക്കുന്നില്ല എന്നുകരുതി, കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയും ബൈക്കിൽ ഹെൽമറ്റ് വെക്കാതെയും ക്യാമറക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും യാത്ര ചെയ്തവരാണ് ഇപ്പോൾ പണി വാങ്ങിയത്. തുടക്ക കാലം മുതൽ പിഴ ലഭിച്ചിരുന്നുവെങ്കിൽ ക്യാമറ സ്ഥാപിച്ച സമയം മുതൽ ശ്രദ്ധിച്ചേനെയെന്നാണ് നാട്ടുകാർ പറയുന്നത്. 15 പിഴ നോട്ടീസ് വരെ ഒരുമിച്ച് ലഭിച്ച ആളുകളും നാട്ടുകാർക്കിടയിലുണ്ട്. ചെയ്തത് തെറ്റാണെന്ന് തന്നെയാണ് എന്ന് സമ്മതിക്കുന്നുണ്ട് ഈ നാട്ടുകാർ. എന്നാൽ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയതായി അറിയാൻ സാധിച്ചില്ലെന്നാണ് പിഴകിട്ടിയവരുടെ പരാതി.

15 ദിവസത്തിനുള്ളിൽ നോട്ടീസ് നൽകണമെന്നിരിക്കെ ഒന്നര വർഷം കഴിഞ്ഞ് ഒരുമിച്ച് പിഴ നൽകിയതിലെ ലോജിക്കാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്. അറുപതിനായിരം രൂപ വരെ പിഴ കിട്ടിയ സ്കൂട്ടർ വിറ്റാൽ പോലും ആ പണം കണ്ടെത്താൻ ആവില്ലെന്ന ആധിയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. എഐ ക്യാമറ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിയമം പാലിക്കണം എന്നാലും നിലവിൽ നടന്നത് വല്ലാത്ത ചതിയായി പോയി എന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group