Join News @ Iritty Whats App Group

മുന്നിലുള്ളത് രണ്ട് ദിവസങ്ങൾ മാത്രം; പുതിയ പോലീസ് മേധാവിയായി യുപിഎസ്‌സി ചുരുക്കപ്പട്ടികയിൽ ഇല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കാൻ സർക്കാർ ശ്രമം, നിയമോപദേശം തേടി

പുതിയ പോലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് യുപിഎസ്‌സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നൽകാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ നിയമോപദേശം തേടി. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡിജിപിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികൾ എങ്ങനെയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.

ഈ മാസം 30 ന് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് സ്ഥാനമൊഴിയും. അന്ന് തന്നെ പുതിയ മേധാവി സ്ഥാനമേൽക്കണം. അതിനാൽ തന്നെ പുതിയ പൊലീസ് മേധാവിയെ നിയമിക്കാൻ സർക്കാരിന് മുന്നിൽ രണ്ട് ദിവസങ്ങൾ മാത്രമാണുള്ളത്. തിങ്കളാഴ്ച ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

സംസ്ഥാന കേഡറിലുള്ള മൂന്ന് മുതിർന്ന ഡിജിപിമാരായ നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യുപിഎസ്‌സിയുടെ ചുരുക്കപ്പട്ടികയിലുള്ളത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റാവഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്താൽ സ്ഥാനമേൽക്കുന്നത് വൈകാൻ സാധ്യതയുണ്ട്. കേന്ദ്ര സർവ്വീസിൽ നിന്ന് ഒഴിയാനുള്ള ഉത്തരവിറങ്ങിയ ശേഷമേ സംസ്ഥാനത്ത് ചുമതലയേൽക്കാൻ കഴിയൂകയുള്ളൂ.

Post a Comment

Previous Post Next Post
Join Our Whats App Group