തൃശൂർ | കനത്ത മഴ തുടരുന്ന
സാഹചര്യത്തിൽ തൃശൂർ,
കാസർക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ,
കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കാസര്‍ക്കോട് ജില്ലയില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ കോളേജുകള്‍, പ്രഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെന്‍ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും റസിഡൻഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല).
മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചത്. മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന തിനാലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുമുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 - 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
Post a Comment