Join News @ Iritty Whats App Group

അടുത്ത നാഴികക്കല്ല്! സിം ഇല്ലാതെ അതിവേഗ 5ജി, എഫ്‌ഡബ്ല്യുഎ സേവനം ആരംഭിച്ച് ബി‌എസ്‌എൻ‌എൽ

ഹൈദരാബാദ്:കഴിഞ്ഞ ദിവസം ബി‌എസ്‌എൻ‌എൽ തങ്ങളുടെ 5ജി സേവനത്തിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമായിരുന്നു പേരിടൽ. ക്വാണ്ടം 5ജി എന്നാണ് ബി‌എസ്‌എൻ‌എലിന്‍റെ 5ജി സേവനത്തിന് പേര്. ചുരുക്കത്തിൽ ഇതിനെ ക്യൂ5ജി എന്ന് വിളിക്കുന്നു. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി‌എസ്‌എൻ‌എൽ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസും ആരംഭിച്ചു. ഈ സാങ്കേതികവിദ്യയിലൂടെ സിം ഇല്ലാതെ ബി‌എസ്‌എൻ‌എൽ അതിവേഗ ഇന്‍റർനെറ്റ് നൽകും. ഹൈദരാബാദിലെ ഈ സേവനം ബി‌എസ്‌എൻ‌എല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചിൽ ബി‌എസ്‌എൻ‌എൽ/എം‌ടി‌എൻ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി ഉദ്ഘാടനം ചെയ്തു.

ബിസിനസിനും സംരംഭങ്ങൾക്കുമായി പ്രത്യേകം നിർമ്മിച്ച 5ജി ഇന്‍റർനെറ്റ് ലീസ് ലൈനാണ് Q-5G ഫിക്സഡ് വയർലെസ് ആക്സസ് സർവീസ്. സിം ഇല്ലാതെയും കേബിളുകള്‍ ഇല്ലാതെയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പൂര്‍ണ തദ്ദേശീയ 5ജി എഫ്‌ഡബ്ല്യുഎ സേവനം ആണിത്. ഇത് പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എന്‍എല്‍ വികസിപ്പിച്ചെടുത്തതാണ്. ക്വാണ്ടം 5ജി എഫ്‌ഡബ്ല്യുഎ സേവനം അതിവേഗ ഡാറ്റ മാത്രമേ നൽകൂ എന്നും വോയ്‌സ് കോളിംഗ് സൗകര്യം ഉണ്ടാകില്ല എന്നും ബി‌എസ്‌എൻ‌എൽ പറയുന്നു. 100 എം‌ബി‌പി‌എസ് പ്ലാനിന് കമ്പനി തുടക്കത്തിൽ 999 രൂപയും 300 എം‌ബി‌പി‌എസ് പ്ലാനിന് 1,499 രൂപയുമാണ് ഈടാക്കുന്നത്.

ബി‌എസ്‌എൻ‌എല്ലിന്റെ ക്വാണ്ടം 5ജി എഫ്‌ഡബ്ല്യുഎ സാങ്കേതികവിദ്യ ഒരു ഫിസിക്കൽ സിം ഇല്ലാതെയും പ്രവർത്തിക്കുകയും നിലവിലുള്ള ബി‌എസ്‌എൻ‌എൽ ടവറുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് 980 എംബിപിഎസ് വരെ ഡൗൺലോഡും 140 എംബിപിഎസ് അപ്‌ലോഡ് വേഗതയും നൽകും. അള്‍ട്രാ എച്ച്‌ഡി വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, ഓൺലൈൻ ജോലികൾ എന്നിവയ്ക്ക് ഇത് മികച്ചതാണ്. ഗേറ്റ്‌വേ ഉപകരണം ഉപഭോക്താക്കൾക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും, ഇത് ഇൻസ്റ്റാളേഷൻ എളുപ്പമാക്കുകയും ഫൈബർ ഇടേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു. കോർ, റേഡിയോ നെറ്റ്‌വർക്ക്, ഉപഭോക്തൃ ഉപകരണങ്ങൾ ഉൾപ്പെടെ ബി‌എസ്‌എൻ‌എല്ലിന്‍റെ ഈ സംവിധാനം മുഴുവനും സ്വാശ്രയ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ കമ്പനികളാണ് നിർമ്മിച്ചിരിക്കുന്നത്.

രാജ്യത്തെ മറ്റ് നഗരങ്ങളിലും ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസ് സേവനം ആരംഭിക്കാൻ ബിഎസ്‍എൻഎൽ പദ്ധതിയിടുന്നു. 2025 സെപ്റ്റംബറോടെ ബെംഗളൂരു, പുതുച്ചേരി, വിശാഖപട്ടണം, പൂനെ, ഗ്വാളിയോർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് പൈലറ്റ് സേവനങ്ങൾ വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ എഞ്ചിനീയർമാർക്ക് ലോകോത്തര കണക്റ്റിവിറ്റി എങ്ങനെ സൃഷ്ടിക്കാൻ കഴിയുമെന്ന് ക്വാണ്ടം 5ജി എഫ്‌ഡബ്ല്യുഎ തെളിയിക്കുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (CMD) എ റോബർട്ട് ജെ രവി പറഞ്ഞു.

ബി‌എസ്‌എൻ‌എൽ ക്യു-5 ജി എഫ്‌ഡബ്ല്യുഎ സേവനങ്ങളുടെ ലഭ്യതയെയും ഇൻസ്റ്റാളേഷൻ നടപടിക്രമങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എല്ലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ അവരുടെ പ്രാദേശിക ബി‌എസ്‌എൻ‌എൽ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം.

Post a Comment

Previous Post Next Post
Join Our Whats App Group