Join News @ Iritty Whats App Group

'അറസ്റ്റും നാടുകടത്തലും ഒഴിവാക്കാം'; മണിക്കൂറുകൾ ഫോണിൽ സംസാരം, ഇന്ത്യൻ വിദ്യാർത്ഥിക്ക് നഷ്ടമായത് 5000 ഡോളർ

വാഷിങ്ടൺ: രാജ്യത്തെ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് പണം തട്ടിയെടുത്തു. അറസ്റ്റും നാടുകടത്തലും ഒഴിവാക്കുന്നതിനായി പണം നല്‍കണമെന്നാണ് തട്ടിപ്പുകാര്‍ വിദ്യാര്‍ത്ഥിയെ വിശ്വസിപ്പിച്ചത്. അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രേയ ബേദിയാണ് തട്ടിപ്പിനിരയായത്.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ ശ്രേയയെ വിളിച്ചത്. 5000 ഡോളറാണ് ശ്രേയയ്ക്ക് നഷ്ടമായത്. ഡോണൾഡ് ട്രംപ് ഭരണകൂടം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റില്‍ (ഐസിഇ ) നിന്നാണെന്ന് അവകാശപ്പെട്ട് ശ്രേയയ്ക്ക് ഫോൺ കോൾ ലഭിക്കുന്നത്.

2022ൽ അമേരിക്കയിലെത്തിയ ശ്രേയ എഫ് വൺ വിസയിൽ ഇൻഡ്യാന യൂണിവേഴ്സിറ്റി ബ്ലൂമിങ്ടണിൽ ഹ്യൂമൻ കംപ്യൂട്ടർ ഇന്‍ററാക്ഷനില്‍ ബിരുദാനന്തര ബിരുദത്തിന് പഠനത്തിനാണ് ചേർന്നത്. എന്നാല്‍ ഈ മെയ് മാസം 29ന് ശ്രേയ കുടിയേറ്റ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഫോൺ കോൾ ലഭിക്കുകയായിരുന്നു. അറസ്റ്റും നാടുകടത്തലും ഒഴിവാക്കുന്നതിനായി 5000 ഡോളറിന്‍റെ ഗിഫ്റ്റ് കാര്‍ഡ് ബോണ്ടായി നല്‍കണമെന്നായിരുന്നു ഫോൺ വിളിച്ചവര്‍ ആവശ്യപ്പെട്ടത്. ഇമിഗ്രേഷന്‍ നമ്പര്‍ ശ്രേയ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അതുകൊണ്ട് തന്നെ രാജ്യത്തെ കുടിയേറ്റ നിയമം ശ്രേയ ലംഘിച്ചെന്നുമാണ് ഫോൺ വിളിച്ചവര്‍ അറിയിച്ചത്.

ഫോൺ വിളിച്ചയാള്‍ തന്‍റെ പേരും ബാഡ്ജ് നമ്പരും ശ്രേയയോട് പറയുകയും മേരിലാന്‍ഡിലെ ഔദ്യോഗിക ഓഫീസുമായി ബന്ധപ്പെട്ടാൽ ഈ വിവരങ്ങള്‍ ലഭിക്കുമെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ശ്രേയയെ ഡിജിറ്റല്‍ തടവിലാക്കിയാണ് പണം കൈക്കലാക്കിയത്. ഫോൺ കട്ട് ചെയ്യരുതെന്നും മറ്റാരെയും ബന്ധപ്പെടരുതെന്നും ഇവര്‍ ശ്രേയയോട് പറഞ്ഞു. ഒളിപിംയ പൊലീസ് വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞ‌് രണ്ടാമത്തെയാള്‍ ശ്രേയയെ വിളിക്കുകയും ശ്രേയയെ അറസ്റ്റ് ചെയ്യാന്‍ വാറന്‍ഡ് ഉണ്ടെന്നും കേസ് ഐസിഇ കേസ് അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു. മൂന്ന് മണിക്കൂറോളം കോളില്‍ നിര്‍ത്തിയാണ് കുടുക്കിയതെന്ന് ശ്രേയ പറയുന്നു.

ടാര്‍ഗറ്റില്‍ നിന്നും ആപ്പിളില്‍ നിന്നും 5000 ഡോളര്‍ വിലവരുന്ന ഗിഫ്റ്റ് കാര്‍ഡ് വാങ്ങാന്‍ തട്ടിപ്പുകാര്‍ ശ്രേയയെ നിര്‍ബന്ധിച്ചു. ഗിഫ്റ്റ് കാര്‍ഡ് വാങ്ങിയ ശേഷം അതിന്‍റെ കോഡ് ഇവരുടെ ഫോണിലേക്ക് അയയ്ക്കണമെന്നും പറഞ്ഞ‌ു. പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രേയയെ വിളിക്കുമെന്നും കാര്‍ഡും ബോണ്ട് പേപ്പറുകളും ഇദ്ദേഹം കൈപ്പറ്റിക്കോളുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആരും പിന്നീട് ശ്രേയയെ വിളിച്ചില്ല. വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ശ്രേയക്ക് തട്ടിപ്പാണെന്ന് സംശയം തോന്നിയത്. തുടര്‍ന്ന് സംഭവം സുഹൃത്തിനോട് പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സുഹൃത്ത് അറിയിച്ചു. ഇതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന വിവരം ശ്രേയ ഉറപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group