കണ്ണൂർ: ശ്രീകണ്ഠാപുരം ചുഴലി - ചെങ്ങളായി റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടാൻ കാരണം സോയിൽ പൈപ്പിങെന്ന് സംശയം. വിദഗ്ധ പരിശോധനയ്ക്കായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലം സന്ദർശിച്ചു.
കരിവെള്ളൂർ - കാവുമ്പായി റോഡിലെ പനങ്കുന്ന് ഭാഗത്താണ് ഭീമൻ കുഴി കണ്ടെത്തിയത്. ഇന്നലെ വൈകുന്നരം അഞ്ച് മണിക്ക് ശേഷമാണ് കുഴി രൂപപ്പെട്ടത്. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തി നോക്കിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു.
തുടക്കത്തിൽ ചെറിയ കുഴിയായിരുന്നെങ്കിലും പിന്നീട് കുഴിയുടെ ആഴം കൂടി വരികയായിരുന്നു. നിലവിൽ കുഴിക്ക് അഞ്ച് മീറ്ററിലധികം ആഴമുണ്ടെന്നാണ് പ്രാഥമിക നിഗമനം. റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
എന്താണ് സോയിൽ പൈപ്പിങ്?
ഭൂഗർഭ മണ്ണൊലിപ്പിന്‍റെ പ്രധാന കാരണമാണ് സോയിൽ പൈപ്പിങ്. മഴ പെയ്യുമ്പോൾ മണ്ണിൽ ഊറിയിറങ്ങുന്ന വെള്ളം മണ്ണിനെ പൂരിതമാക്കും. ഉറപ്പ് കുറവുള്ള മേഖലകളിലെ ഭൗമാന്തർഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ കുഴലുകൾ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകുന്നതിനെയാണ് സോയിൽ പൈപ്പിങ് എന്ന് പറയുന്നത്. ഭൂമിക്കടിയിൽ രൂപപ്പെടുന്ന ഈ പ്രതിഭാസം ഉരുൾപൊട്ടലിന് വരെ കാരണമാകും. ഭൂപ്രകൃതി, മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂഗർഭ ജലത്തിന്റെ ഒഴുക്ക്, കാർഷിക രീതികൾ, മരംമുറിക്കൽ, ഖനനം തുടങ്ങി സോയിൽ പൈപ്പിങിന് കാരണങ്ങൾ നിരവധിയാണ്.
Post a Comment