Join News @ Iritty Whats App Group

മോഹനവാഗ്ദാനം, 4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങി, പരാതി

കോഴിക്കോട്: കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച് പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ ബാങ്കിന് മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍ നിധി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സ്ഥാപനമാണെന്നാണ് നടത്തിപ്പുകാര്‍ പറഞ്ഞിരുന്നത്. സേവിംഗ് ഡെപ്പോസിറ്റ്, എഫ്ഡി, റെക്കറിംഗ് ഡെപ്പോസിറ്റ്, പേഴ്‌സണല്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍, വനിതകള്‍ക്ക് സ്വയംതൊഴി വായ്പ തുടങ്ങിയ ഇടപാടുകളാണ് സ്ഥാപനം നടത്തിയിരുന്നത്. നാല് ശതമാനം പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും സ്വര്‍ണ പണയ വായ്പ എന്നതായിരുന്ന ഇവരുടെ വലിയ പ്രഖ്യാപനം. കൂത്താളി വടക്കേ മങ്കരയാടുമ്മല്‍ സ്വദേശി വിഎം സത്യന്‍ എന്നയാള്‍ 290.98 ഗ്രാം സ്വര്‍ണമാണ് ഈ സ്ഥാപനത്തില്‍ പണയം വച്ചത്.

പത്ത് ലക്ഷത്തോളം രൂപ നഷ്ടമായ പ്രദേശത്തെ ഒരു പട്ടാളക്കാരനും സ്ഥാപനത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. സത്യന്റെ പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരും കടിയങ്ങാട് സ്വദേശികളുമായ മുതുവണ്ണാച്ചയിലെ ചെമ്പോട്ട് രഞ്ജിത്ത്, ചെറുകുന്നുമ്മല്‍ ജനില്‍സ്, മലയില്‍ രതീഷ്, സുധീഷ്, ജിഷ്ണു മോഹന്‍, പാലേരി പടവര്‍കണ്ടി സനൂപ്, ഇരിട്ടി സ്വദേശി കളരിപ്പറമ്പത്ത് മീത്തല്‍ അരുണ്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group