നിലമ്പൂർ:നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് മണിക്കൂറുകൾ പിന്നിടുമ്പോൾ 36 ശതമാനം രേഖപ്പെടുത്തി പോളിംഗ്. നിലവിൽ ഭേദപ്പെട്ട പോളിംഗാണ് മണ്ഡലത്തിലുള്ളത്. പോളിംഗ് തുടങ്ങിയ ആദ്യ മണിക്കൂറിൽ മഴ കനത്തെങ്കിലും ആളുകൾ ബൂത്തിലെത്തുന്നതിൽ കുറവുണ്ടായില്ല. അതേസമയം, ഒരാൾ രണ്ട് പ്രാവശ്യം വോട്ട് രേഖപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന്, റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്ട്രൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടു. പോളിംഗിനിടെ പ്രതികരണവുമായി സ്ഥാനാർത്ഥികളും രംഗത്തെത്തി. തനിക്കും മുന്നണിക്കും പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചു.
എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നതെന്ന് സ്വരാജ് പറഞ്ഞു. പോളിംങ് ശതമാനം കൂടട്ടെയെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് തൻ്റെ ആഗ്രഹമെന്നും സ്വരാജ് പറഞ്ഞു. മാങ്കുത്ത് എൽപി സ്കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്. സാമൂഹിക പരിതസ്ഥിതിയിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങൾ പകർന്നു നൽകിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണി പ്രവർത്തകർക്കാകെ ആത്മവിശ്വാസമുണ്ട്. ഓരോ ദിവസവും കഴിയും തോറും ആത്മവിശ്വാസം വർധിച്ചുവരികയാണുണ്ടായത്. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും വോട്ട് ചെയ്യണം. പ്രതീക്ഷിച്ചതിനേക്കാൾ നല്ലൊരു പിന്തുണയാണ് ലഭിച്ചതെന്നും സ്വരാജ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്ന് പിവി അൻവർ പ്രതികരിച്ചു. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫിൽ നിന്ന് 35 % വോട്ടും ലഭിക്കും. 75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചു. 2016ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ താൻ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്നു മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരിൽ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു.
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Post a Comment