ദില്ലി:ആറ് ദിവസമായി കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനം എഫ്-35ബിക്ക് ഹാങ്ങർ സ്ഥലം നൽകാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നിരസിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചത്. ബ്രിട്ടീഷ് നാവികസേനയുടെ അഭ്യർഥന പ്രകാരം ഹാംഗറിനുള്ളിൽ മാറ്റില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു
അമേരിക്കൻ നിർമിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗർ സ്ഥലം അനുവദിക്കാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി നിരസിച്ചതിന്റെ പ്രധാന കാരണമെന്നും പേരുവെളിപ്പെടുത്താത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, അന്തിമ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഹാംഗറിനുള്ളിൽ മാറ്റുന്നത് പരിഗണിച്ചേക്കാമെന്നും വൃത്തങ്ങൾ അറിയിച്ചു.
ജൂൺ 14നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് എഫ്-35B അപ്രതീക്ഷിത ലാൻഡിംഗ് നടത്തിയത്. ഇന്തോ-പസഫിക് മേഖലയിൽ നിലവിൽ വിന്യസിച്ചിരിക്കുന്ന യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനം. കാരിയർ ഗ്രൂപ്പ് അടുത്തിടെ ഇന്ത്യൻ നാവികസേനയുമായി സംയുക്ത സമുദ്ര അഭ്യാസങ്ങൾ നടത്തിയിരുന്നു.
എഫ്-35ബി കേരളത്തിലെത്തിയതുമുതൽ, വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് വ്യോമയാന എഞ്ചിനീയർമാർ തീവ്രമായി പ്രവർത്തിച്ചുവരികയാണ്. എന്നാൽ ഇതുവരെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. എഫ്-35ബി പൈലറ്റ് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും ഇന്ധനം കുറവാണെന്ന് ചൂണ്ടിക്കാട്ടി ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു. മെക്കാനിക്കൽ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി പൈലറ്റും റോയൽ നേവി ടെക്‌നീഷ്യന്മാരും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
Post a Comment