Join News @ Iritty Whats App Group

സൈബർ തട്ടിപ്പിന്റെ പണമെത്തുന്ന അക്കൗണ്ടുകളുടെ ഇടപാടുകാരൻ, 23കാരൻ പിടിയിലായത് 23 ലക്ഷം തട്ടിയ കേസിൽ

കോഴിക്കോട്: സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച യുവാവിനെ കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി വാവാട് സ്വദേശി മുഹമ്മദ് ജാസിമി(23)നെയാണ് സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജ ട്രേഡിങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ലോണ്‍ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95,000 രൂപ നഷ്ടമായ കേസിലുമാണ് അറസ്റ്റ്.

പരാതിക്കാരുടെ നഷ്ടപ്പെട്ട പണമെത്തിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരൂര്‍ സ്വദേശിയായ റിസ്വാന്‍, കോഴിക്കോട് പെരുവയല്‍ സ്വദേശിയായ ആദില്‍ ഷിനാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അക്കൗണ്ടുകളും എടിഎം കാര്‍ഡും മുക്കം സ്വദേശിയായ വാളകുണ്ടന്‍ ഹൗസില്‍ ഷാമില്‍ റോഷന് കൈമാറിയതായി കണ്ടെത്തിയത്. തട്ടിയെടുത്ത പണം പിന്‍വലിക്കുന്നത് ഷാമില്‍ റോഷനാണ്. പിന്‍വലിക്കുന്ന പണം നേരിട്ടും ക്രിപ്‌റ്റോ കറന്‍സിയായും മുഹമ്മദ് ജാസിമിനാണ് കൈമാറിയിരുന്നത്.

ഇയാള്‍ ക്രിപ്‌റ്റോ കറന്‍സി കൂടിയ വിലയ്ക്ക് ചൈനീസ് സൈബര്‍ തട്ടിപ്പുകാര്‍ക്ക് ബിനാന്‍സ് എക്‌സ്ചേഞ്ചിലൂടെ നല്‍കി കൊണ്ടിരുന്നതായും കണ്ടെത്തി. എറണാകുളത്ത് ഒളിവിലായിരുന്ന പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സംഘം പിടികൂടുകയായിരുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Post a Comment

Previous Post Next Post
Join Our Whats App Group