തിരുവനന്തപുരം: ജമാഅത്ത് ഇസ്ലാമി 20 വർഷം സിപി.എംനെ പിന്തുണച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് .996 മുതൽ 2016 വരെ 20 വർഷം എല്ലാ തെരഞ്ഞെടുപ്പിലും സിപി.എം -നേയും എൽഡിഎഫിനെയും പരസ്യമായി പിന്തുണത്തു.അതിനു മുമ്പ് ജമാഅത്ത് ഇസ്ലാമി വ്യക്തികളെയാണ് പിന്തുണച്ചിരുന്നത്. പിന്തുണ ആവശ്യപ്പെടുന്നവരിൽ നിന്നും ജമാഅത്ത് ഇസ്ലാമിയുടെ മൂല്യങ്ങളോട് യോജിപ്പുണ്ടെന്ന് എഴുതി വാങ്ങിച്ച ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പല സി പി.എം നേതാക്കളും കൈപ്പടയിൽ തന്നെ എഴുതി ഒപ്പിട്ടു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
1991-ൽകോട്ടയത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ എതിരാളിയായിരുന്ന മന്ത്രി ടി.കെ. രാമകൃഷ്ണനെയാണ് ജമാഅത്ത് ഇസ്ലാമി പരസ്യമായി പിന്തുണച്ചത്. രണ്ടായിരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ടികെ ജയിച്ചത്.1996-ൽ ജമാഅത്ത് ഇസ്ലാമി എല്ലാ എൽ.ഡിഎഫ് സ്ഥാനാർത്ഥികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ഈ നിലപാടിനെ പ്രകീർത്തിച്ചു കൊണ്ട് ദേശാഭിമാനി മുഖപ്രസംഗം എഴുതി.2001-ൽ ജമാഅത് ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സിമിയെ നിരോധിച്ചപ്പോഴും സി.പി.എം ബന്ധം തുടർന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന രാജ്യവിരുദ്ധ മുദ്രാവാക്യമാണ് സിമി ഉയർത്തിയിരുന്നത്. അതിനെ സി.പി.എം തള്ളിപ്പറഞ്ഞില്ല.
2006-ൽ സിമിയുടെ സംസ്ഥാന നേതാവായിരുന്ന കെ.ടി. ജലീലിനെ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയാണ് കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയത്. അന്ന് ജമാഅത്ത് ഇസ്ലാമിയുടെയും പിഡിപി യുടെയും പരസ്യ പിന്തുണ ജലീലിനുണ്ടായിരുന്നു. വർഗീയ പ്രീണന അടവു നയത്തിന്‍റ ഭാഗമായാണ് ജലീലിനെ നാലു തവണ എം.എൽ.എയാക്കാനും വിദ്യാഭ്യാസമന്ത്രിയാക്കാനും സി.പി.എം തയ്യാറായത്. പിണറായി വിജയൻ നയിച്ച രണ്ടു കേരള യാത്രയിലും സ്വതന്ത്രനായ ജലീലിനെ ജാഥാംഗമാക്കി.
2005 ലെ മലപ്പുറം സമ്മേളനം മുതൽ ജമാഅത്ത് ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രവും മീഡിയവൺ ചാനലും വി.എസ്. അച്ചുതാനന്ദനെ പിന്തുണച്ചതോടെയാണ് പിണറായി വിജയനും ജമാഅത്ത് ഇസ്ലാമിയും തമ്മിലുള്ള ബന്ധം ശിഥിലമായത്.2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ പിഡിപിയും മദനിയുമായും ബന്ധമുണ്ടാക്കിയപ്പോൾ അച്ചുതാനന്ദൻ അതിനെ പരസ്യമായി എതിർത്തു. എന്നാൽ, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സി.പി.എം അപ്പോഴും ജമാഅത്ത് ഇസ്ലാമിയെ അകറ്റിയില്ല.
1996 മുതൽ ജമാഅത്ത് ഇസ്ലാമി നടത്തിയ ഇഫ്ത്താർ വിരുന്നുകളിൽ അടുത്ത കാലം വരെ എംഎ. ബേബി,വൈക്കം വിശ്വൻ, ഇ.പി. ജയരാജൻ, എളമരം കരീം, എം.വിജയകുമാർ, പി.ശ്രീരാമകൃഷ്ണൻ, കെ.ടി. ജലീൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പതിവായി പങ്കെടുത്തിരുന്നു.ജമാഅത്ത് ഇസ്ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് അതിനെ വർഗ്ഗീയ സംഘടനയായി സി.പി.എം ചിത്രീകരിച്ചു തുടങ്ങിയത്. തങ്ങളെ പിന്തുണക്കുന്നവരെ വിശുദ്ധരാക്കുകയും എതിർക്കുന്നവരെ തൊട്ടുകൂടാത്തവരാക്കുകയും ചെയ്യുന്ന അവസരവാദ നിലപാടാണ് സി.പി.എം എക്കാലവും സ്വീകരിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി
Post a Comment