Join News @ Iritty Whats App Group

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 14,648 പേര്‍ക്ക് സീറ്റില്ല

കണ്ണൂര്‍: പ്ലസ് വണ്‍ മൂന്നാംഘട്ട അലോട്ട്‌മെന്‍റ് പൂര്‍ത്തിയായപ്പോള്‍ കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ സീറ്റ് ലഭിക്കാതെ പുറത്തായത് 14,648 വിദ്യാര്‍ഥികള്‍.


കണ്ണൂരില്‍ 9947 പേർക്കും കാസർഗോഡ് 4,701 പേർക്കുമാണ് സീറ്റ് ലഭിക്കാത്തത്.

ഏകജാലകം വഴി കണ്ണൂരില്‍ 37988 ഉം കാസർഗോഡ് 20088 വിദ്യാർഥികളുമാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചത്. കണ്ണൂരില്‍ ആകെ 28698 മെറിറ്റ് സീറ്റുകളാണുള്ളത്. കാസർഗോഡ് 16031. നിലവില്‍ മൂന്നാംഘട്ട അലോട്ട്‌മെന്‍റ് ഉള്‍പ്പെടെ പൂര്‍ത്തിയായപ്പോള്‍ ഇനി ബാക്കിയുള്ളത് കണ്ണൂരില്‍ 657 ഉം കാസർഗോഡ് 644 സീറ്റുകളുമാണ്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് വരുന്പോള്‍ 1301 വിദ്യാർഥികള്‍ക്ക് സീറ്റ് ഉറപ്പിക്കാൻ സാധിക്കുമെങ്കിലും 13,347 വിദ്യാർഥികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് എന്നത് പ്രതിസന്ധിയാകും.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കണ്ണൂരില്‍ 683 സീറ്റുകളുള്ളതില്‍ അപേക്ഷിച്ച 377 പേര്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. 306 സീറ്റുകള്‍ ബാക്കിയാണ്. കാസർഗോഡ് 356 സീറ്റുള്ളതില്‍ അപേക്ഷിച്ച 197 പേർക്ക് സീറ്റ് ലഭിച്ചു. ഇനി 159 സീറ്റാണ് ബാക്കിയുള്ളത്. വിഎച്ച്‌എസ്‌ഇ, പോളിടെക്നിക് എന്നീ വിഭാഗത്തില്‍ ജില്ലയില്‍ ആവശ്യത്തിന് സീറ്റുകളുണ്ട്. സീറ്റ് ലഭിക്കാതെ വരുന്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഈ വിഭാഗത്തില്‍ അപേക്ഷിക്കുമെന്നാണ് കരുതുന്നത്.

ഇന്നു വൈകുന്നേരം അഞ്ചുവരെയാണ് പ്ലസ് വണ്‍ പ്രവേശന സമയം. നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്‌മെന്‍റിന് ശേഷം മിച്ചമുള്ള സീറ്റുകളുടെ വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെപോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. 28 മുതലാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് തുടങ്ങുന്നത്. മൂന്ന് ഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്‍റ് ലഭിക്കാത്തവര്‍ സീറ്റൊഴിവ് പരിശോധിച്ച്‌ പുതിയ ഓപ്ഷനുകള്‍ കൂട്ടിചേര്‍ത്ത് അപേക്ഷ പുതുക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group