Join News @ Iritty Whats App Group

റോഡിലെ ബ്ലോക്കിൽ കുടുങ്ങി, എയർപോർട്ടിലെത്താൻ 10 മിനിറ്റ് വൈകി, യുവതി വിമാനപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

അഹമ്മദാബാദ്: . 294 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. കൺമുന്നിലുണ്ടായിരുന്ന ദുരന്തം വഴിമാറിയെങ്കിലും നിരവധി പേരുടെ ജീവനെടുത്ത ദുരന്തം ഭൂമി ചൗഹാൻ എന്ന യുവതിയ്ക്ക് നടുക്കുന്ന ഓർമ്മയാണ് ഇന്ന്. വിമാന അപകടത്തിൽ നിന്നും ഭൂമി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ റോഡിലെ ബ്ലോക്കാണ് ഭൂമിക്ക് ജീവൻ തിരിച്ച് നൽകിയത്. അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ ഭൂമി ചൗഹാനും ഉണ്ടായിരുന്നു. എന്നാൽ, ഗതാഗതക്കുരുക്കിൽപെട്ട് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നതിനാൽ അധികൃതർ ഭൂമിയെ വിമാനത്താവളത്തിൽ തടഞ്ഞു വെക്കുകായിരുന്നു.

ഇതോടെ ഭൂമിക്ക് വിമാനം കിട്ടിയില്ല. റോഡിലെ ഗതാഗതക്കുരുക്ക് ഭൂമി ചൗഹാന്‍റെ ജീവൻ തിരിച്ചുനൽകിയെങ്കിലും തൊട്ട് മുന്നിൽ സംഭവിച്ച ദുരന്തത്തിന്‍റെ നടുക്കം ഇതുവരെ യുവതിക്ക് വിട്ടുമാറിയിട്ടില്ല. ഭറൂച്ച് സ്വദേശിനിയായ ഭൂമി ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം നഷ്ടപ്പെട്ടതിൽ ദേഷ്യമുണ്ടായിരുന്നുവെന്ന് ഭൂമി പറയുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ ഒരുങ്ങവെയാണ് വിമാനം തകർന്നതറിയുന്നത്. ഇതോടെ എനിക്ക് ശരീരമാകെ വിറയ്ക്കാൻ തുടങ്ങി. കാലുകൾ വിറച്ചു, കുറച്ചു സമയം എനിക്ക് മരവിപ്പ് തോന്നി'-ഭൂമി പറഞ്ഞു.

ഭൂമി ചൗഹാൻ ലണ്ടനിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നത്. രണ്ട് വർഷത്തിനുശേഷം ഇന്ത്യ സന്ദർശിക്കാനെത്തിയ ഭൂമി അവധി കഴിഞ്ഞ് തിരികെ മടങ്ങാനെത്തിയതായിരുന്നു. 'വിമാനം 1.10-ന് ടേക്ക് ഓഫ് ചെയ്യേണ്ടതായിരുന്നു. ബോർഡിംഗ് നടപടിക്രമങ്ങൾ 12.10-ന് അവസാനിച്ചു, എന്നാൽ ഗതാഗത കുരുക്കിൽ പെട്ടതോടെ ഞാൻ 12.20-ന് ആണ് വിമാനത്താവളത്തിൽ എത്തിയത്. ഞാൻ ചെക്ക്-ഇൻ ഗേറ്റിലെത്തി, എന്നെ വിമാനത്തിൽ കയറാൻ അനുവദിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു. എല്ലാ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു, പക്ഷേ അവർ എന്നെ പോകാൻ അനുവദിച്ചില്ല'- ഭൂമി പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിനിടെ തകർന്നത്. ഇന്നലെ ഉച്ചക്ക് 1:38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group