Join News @ Iritty Whats App Group

സലീമിന് വീട്ടിലേക്ക് വഴിയൊരുക്കാൻ ബന്ധുക്കള്‍ വസ്തു നല്‍കിയില്ല; ക്ഷേത്രഭൂമി വിട്ടുകൊടുത്ത് ലക്ഷ്മിയും പാര്‍വതിയും; മലപ്പുറത്തെ മറ്റൊരു റിയല്‍ കേരള സ്റ്റോറി




താനൂർ: അന്യമതസ്ഥന് വീട്ടിലേക്കുള്ള വഴിക്കായി ക്ഷേത്ര ഭൂമി നല്‍കി അയല്‍വാസികളായ സ്ത്രീകള്‍. മലപ്പുറം താനൂരിലാണ് സംഭവം.


താനൂരിലെ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മി സുമയും പാർവതിയുമാണ് അയല്‍വാസിയായ സലീമിന്റെ വീട്ടിലേക്ക് വഴിയൊരുക്കാൻ കുടുംബ ക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നല്‍കിയത്. കുടുംബക്ഷേത്രത്തിന്റെ നിലവിലെ ഉടമകളാണ് ലക്ഷ്മിയും പാർവതിയും.

താനൂരിലെ പ്രിയം റെസിഡെൻസ് അസോസിയേഷൻ അംഗമായ മൊയ്തീങ്കാനകത്ത് സലീമിന് വീട്ടിലേക്കുള്ള വഴിയൊരുക്കാനാണ് ഇവർ ക്ഷേത്ര ഭൂമി സൗജന്യമായി നല്‍കിയത്. താനൂർ വിളക്കീരി വെള്ളരിപ്പറമ്ബ് റോഡിനോട് ചേർന്ന് താമസിച്ചുവരുന്ന സലീമിന്റെ വീട്ടിലേക്ക് വഴിസൗകര്യം ഉണ്ടായിരുന്നില്ല. വഴിക്കായി സ്ഥലം വിട്ടുനല്‍കാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് ഇദ്ദേഹം വർഷങ്ങളായി അഭ്യർഥിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

സലീമിന്റെ വഴിയുടെ എതിർവശത്തുള്ള സ്വകാര്യക്ഷേത്രത്തിന്റെ ഭൂമിയില്‍നിന്ന് വഴിക്ക് സൗകര്യം ലഭിക്കാൻ ഇടപെടാൻ താനൂർ പ്രിയം റെസിഡെൻസ് അസോസിയേഷൻ പ്രസിഡൻറ് വി.പി. ബാബുവും സെക്രട്ടറി കുഞ്ഞാവുട്ടി ഖാദറും സലീമിനോടൊപ്പം കുടുംബക്ഷേത്രത്തിന്റെ ഉടമകളായ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളെ വീട്ടില്‍ ചെന്ന് കണ്ട് അഭ്യർത്ഥിച്ചു. അസുഖബാധിതയായ ഉമ്മയുടെ ചികിത്സാസമയത്ത് സലീമും കുടുംബവും അനുഭവിച്ച പ്രയാസങ്ങളടക്കം മനസ്സിലാക്കിയ ലക്ഷ്മി സുമയും പാർവതിയും റോഡിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്‍കാൻ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു.

ഒന്നര അടി വീതിയില്‍, 40 മീറ്റർ നീളത്തിലാണ് ഇവർ സലീമിന് വഴിക്കായി ക്ഷേത്ര ഭൂമി വിട്ടുകൊടുത്തത്. ഇതിനായി കുടുംബക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പൊളിക്കുകയും ചെയ്തു. സലീമിന്റെ വീട്ടിലേക്ക് റോഡ് സൗകര്യം ഒരുക്കാൻ അസോസിയേഷനെ ചുമതലപ്പെടുത്തി. വഴിസൗകര്യം ഒരുക്കിയശേഷം സലിം ക്ഷേത്രമതില്‍ പുനർനിർമിച്ച്‌ നല്‍കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group