കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം ദൗർഭാഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ദ പരിശോധന ആവശ്യമാണ്. കോർപ്പറേഷൻ തലത്തിൽ അന്വേഷണം നടത്തുമെന്ന് മേയർ വ്യക്തമാക്കി. എല്ലാവർക്കും പാഠം ആകണമെന്നും എല്ലാ കെട്ടിടത്തിലും ഫയർ ഓഡിറ്റിങ് നടത്തണമെന്നും മേയർ പറഞ്ഞു. കെട്ടിടങ്ങൾ കെട്ടിയടച്ചത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മേയർ പറഞ്ഞു.
കെട്ടിടത്തിലെ എക്സ്റ്റൻഷൻ അനുമതിയോട് കൂടിയാണോയെന്ന് പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിൽ മീറ്റിങ് വിളിച്ച് ചേർക്കും. അവരോടുകൂടി ചോദിച്ച് കാരണം അറിഞ്ഞശേഷം കൂടുതൽ പ്രതികരിക്കുമെന്ന് മേയർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണമല്ലോയെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ കട ഉടമകളെയും വിളിച്ചുവരുത്തി ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ബീന ഫിലിപ്പ് അറിയിച്ചു.
അതേസമയം കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഫയർഫോഴ്സിന്റെ നേതൃത്വത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി ട്വന്റി ഫോറിനോട് പറഞ്ഞു.
Post a Comment