Join News @ Iritty Whats App Group

'ഓപ്പറേഷന്‍ ഷീല്‍ഡ്' ഇന്ന്; ബ്ലാക് ഔട്ടും അപായ സൈറണും, മോക് ഡ്രിൽ പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ



ദില്ലി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് മോക് ഡ്രില്‍ നടത്തുന്നത്. ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയും ഹരിയാനയും ചണ്ഡിഗഡും മോക് ഡ്രില്ലിന്‍റെ ഭാഗമാകും. ബ്ലാക് ഔട്ടും അപായ സൈറണ്‍ മുഴക്കുന്നതുമടക്കം മോക് ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഭരണപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. 

ജമ്മു കശ്മീർ, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശ പ്രകാരമാണ് മോക് ഡ്രിൽ നടത്തുന്നത്. മെയ് ഏഴിന് നടത്തിയ മോക് ഡ്രില്ലിന് സമാനമായ രീതിയിലാണ് ഇന്നും മോക് ഡ്രിൽ നടത്തുക. പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയും സൈറണുകൾ മുഴക്കിയുമാണ് മോക് ഡ്രിൽ നടത്തുകയെന്ന് പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു. 22 ജില്ലകളിൽ മോക് ഡ്രിൽ നടത്തുമെന്ന് ഹരിയാന സർക്കാർ അറിയിച്ചു. രാജസ്ഥാനിലാകട്ടെ 41 ജില്ലകളിലാണ് മോക് ഡ്രിൽ നടത്തുക. വൈകുന്നേരം അഞ്ച് മണിയോടെ മോക് ഡ്രിൽ ആരംഭിക്കും.

അതേസമയം അതിർത്തിയിലെ സേനാ സാന്നിധ്യം പഹൽഗാം ആക്രമണത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിയെന്ന് പാകിസ്ഥാൻ അറിയിച്ചു. രണ്ടു രാജ്യങ്ങളും സേനയെ വെട്ടിക്കുറച്ചെന്ന‌ാണ് പാക് സംയുക്ത സൈനിക മേധാവി പറഞ്ഞത്. ആണവായുധം പ്രയോഗിക്കാനുള്ള ഒരാലോചനയും ഉണ്ടായിരുന്നില്ലെന്നും പാക് സംയുക്ത സൈനിക മേധാവി സാഹിർ ഷംഷാദ് മിർസ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group