വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടെന്ന് തീർക്കണമെന്നാണ് ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതൊരു മോശം അവസ്ഥയാണ്. രണ്ടുകൂട്ടരോടൊപ്പം നിൽക്കുന്നതാണ് എന്റെ നിലപാട്. ഇരു രാജ്യങ്ങളെയും എനിക്ക് നന്നായി അറായാം. അവർ ഈ പ്രശ്നം പരിഹരിക്കുന്നതാണ് എനിക്ക് കാണേണ്ടത്. രണ്ട് രാജ്യങ്ങളും തിരിച്ചടിച്ചു. ഇനി നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് രാജ്യങ്ങളോടൊപ്പവും ഞാൻ നിൽക്കുമെന്നും ട്രംപ് പ്രതികരിച്ചു.
ഇരു രാജ്യങ്ങളോടുമായി എന്താണ് പറയാനുള്ളതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും ട്രംപ് പ്രതികരിച്ചു.
അതേ സമയം, പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട് വന്നത്. പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
കൂടാതെ, പാകിസ്ഥാനിലെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാക് സൈനിക വാഹനം കുഴി ബോംബ് സ്‌ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അതേസമയം, പാകിസ്ഥാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Post a Comment