മലമ്പുഴ: രാത്രിയിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ കട്ടിലിൽ നിന്ന് തട്ടി താഴെയിട്ട് പുലി. പാലക്കാട് മലമ്പുഴ അകമലവാരത്താണ് വീട്ടുകാരെ ഭീതിയിലാക്ക് പുലി വളർത്തുനായയെ കടിച്ചെടുത്തുകൊണ്ട് പോയത്. എലിവാൽ സ്വദേശി കെ കൃഷ്ണന്റെ ഒറ്റമുറി വീട്ടിൽ കിടന്നുറങ്ങിയിരുന്ന മൂന്നു മക്കളുടെ സമീപത്ത് നിന്നാണ് വളർത്തുനായയെ പുലി പിടിച്ചത്.
വീടിനുള്ളിൽ കെട്ടിയിട്ടിരുന്ന ജർമൻ ഷെപ്പേഡ് ഇനത്തിലുള്ള നായയെ ലക്ഷ്യമിട്ട് ചാടുന്നതിനിടയിലാണ് മൂന്നരവയസുകാരി പുലിയുടെ ദേഹത്ത് തട്ടി നിലത്ത് വീണത്. നിലത്തുകിടന്നിരുന്ന വീട്ടുകാരി ലത കുട്ടികളുടെ നിലവിളി കേട്ട് നോക്കുമ്പോൾ കാണുന്നത് നായയെ കടിച്ച് നിൽക്കുന്ന പുലിയെ ആണ്. കാര്യങ്ങൾ മനസിലാവുന്നതിന് മുൻപ് തന്നെ ഇരുട്ടിൽ പുലി നായയുമായി പുറത്തേക്ക് പോയി. ഒറ്റമുറി വീടിന്റെ വാതിൽ മാന്തിപ്പൊളിച്ചാണ് പുലി അകത്ത് കടന്നത്. വീടിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്ന കൃഷ്ണൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മൂന്നുവയസുകാരി അവനികയ്ക്ക് അംഗനവാടി അധ്യാപിക നൽകിയ റോക്കിയെന്ന നായയെയാണ് പുലി പിടിച്ചത്. നായ അത്ര പ്രിയപ്പെടതായതിനാലും വന്യമൃഗ ശല്യമുള്ളതിനാലും ഒറ്റമുറി വീടിനുള്ളിലായിരുന്നു രാത്രിയിൽ റോക്കിയെ കെട്ടിയിട്ടിരുന്നത്. പുലി കട്ടിലിൽ നിന്ന് തട്ടി താഴെയിട്ടതിന് പിന്നാലെ അവനികയുടെ കാലിന് പരുക്കുണ്ട്. പ്രിയപ്പെട്ട റോക്കിയെ പുലി കൊണ്ടുപോയതിന്റെ വിഷമമുണ്ടെങ്കിലും മക്കളുടെ ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബമുള്ളത്.
Post a Comment